Football
എംബാപ്പെയേക്കാളും ഹാലണ്ടിനേക്കാളും മുകളിൽ നിൽക്കും അവൻ: റയൽ താരം കെപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 13, 07:06 am
Friday, 13th October 2023, 12:36 pm

റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പർ താരം ജൂഡ് ബെല്ലിങ്‌ഹാം മിന്നും ഫോമിലാണ്. ഈ സാഹചര്യത്തിൽ ജൂഡിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ സ്പാനിഷ് ഗോൾകീപ്പർ കെപ്പ അരിസാബലാഗ.

ജൂഡ് ബെല്ലിങ്ഹാം റയൽ മാഡ്രിഡിൽ ഒരു യുഗം അടയാളപ്പെടുത്തുമെന്നും ഹാലണ്ടിനേക്കാളും എംബാപ്പെയേക്കാളും മികച്ച താരമാണ് ജൂഡ് എന്നുമാണ് കെപ്പ പറഞ്ഞത്.

 

‘നിലവിലെ ഫുട്ബോളിൽ ഞാൻ ബെല്ലിംങ്ഹാമിന് മുകളിൽ ആരെയും കാണുന്നില്ല. ഓരോ കളിയിലും അവന്റെ കഴിവ് എന്താണെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ മികച്ച പ്രകടനം ഇനിയും തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവൻ വളരെ പക്വതയുള്ള ഒരു താരമാണ്. ജൂഡ് ഗോളടിക്കുന്നത് മാത്രമല്ല നമ്മൾ നോക്കേണ്ടത്. അവൻ പ്രതിരോധത്തിൽ ചെയ്യുന്ന കാര്യങ്ങളും നോക്കണം. ബെല്ലിംങ്ഹാം മാഡ്രിഡിൽ ഒരു യുഗം അടയാളപ്പെടുത്തും,’ കെപ്പ എ.എസിനോട്‌ പറഞ്ഞു.

ജർമൻ വമ്പൻമാരായ ബോറൂസിയ ഡോർട്മുണ്ടിൽ നിന്നുമാണ് ജൂഡ് സാന്റിയാഗോ ബെർണബ്യുവിൽ എത്തുന്നത്. സീസണിന്റെ തുടക്കം മുതൽ റയൽ മാഡ്രിന് വേണ്ടി താരം മിന്നും ഫോമിലാണ് കളിക്കുന്നത്.

ക്ലബ്ബിനായി 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും ജൂഡ് നേടിയിട്ടുണ്ട്. റയലിനായി ആദ്യ പത്ത് മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും ബെല്ലിം ഹാമിന് സാധിച്ചു. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡ് തകർത്താണ് താരം പുതിയ നാഴിക കല്ലിലെത്തിയത്.

നിലവിൽ ജൂഡിന്റെ ഗോൾ സ്‌കോറിങ് കണക്കുകൾ നോക്കുമ്പോൾ ഈ സീസണിൽ ഹാലൻണ്ടിന്റെയും എംബാപ്പെയുടെയും റെക്കോഡ് മറികടന്നുകൊണ്ടാണ് ഈ 20കാരന്റെ കുതിപ്പ്.

Content Highlight: Kepa Arrizabalaga praises Jude Bellingham