കെനിയ: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി സാക്ഷി മാലിക്കും പി.വി. സിന്ധുവും മെഡലണിഞ്ഞപ്പോള്‍ ലഭിച്ചത് കൈനിറയെ സമ്മാനങ്ങളാണ്. ലഭിച്ച സമ്മാനങ്ങളില്‍ കാറും വസ്തുവകകളും ക്യാഷ് പ്രൈസും അവാര്‍ഡുകളുമെല്ലാം ഉള്‍പ്പെടും. നല്‍കിയ സമ്മാനങ്ങള്‍ വ്യക്തിപരമായി ഇരു താരങ്ങളെയും ഏറെ സന്തോഷിപ്പിക്കുന്നതുമായിരുന്നു.
റിയോയില്‍ 1500 മീറ്ററില്‍ ഫെയ്ത്ത് ക്ലിപ്പിഗോണ്‍ സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ കെനിയന്‍ സര്‍ക്കാരും ഒരു സമ്മാനം നല്‍കി. എന്നാല്‍ അത് ഒരു നാടിനെ മുഴുവന്‍ സന്തോഷം നല്‍കുന്നതായിരുന്നു. നാല് പതിറ്റാണ്ടുകളായി കറന്റ് ഇല്ലാതിരുന്ന താരത്തിന്റെ നാട്ടില്‍ വൈദ്യതിയെത്തി.
കെനിയയിലെ നാകുറു കൗണ്ടിയിലെ ദാബിബിറ്റ് ഗ്രാമക്കാര്‍ക്കാണ് ഡബ്ബിള്‍ ലോട്ടറി അടിച്ചത്. സ്വന്തം നാട്ടുകാരി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കി രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയിരിക്കുന്നു. ഒപ്പം നാല് പതിറ്റാണ്ടായി കറന്റ് ലഭ്യമില്ലായിരുന്ന നാട്ടില്‍ വൈദ്യതിയുമെത്തിയിരിക്കുന്നു.
മെഡല്‍ നേടിയതിന് ശേഷം താരത്തിന്റെ അച്ഛന്‍ നടത്തിയ അഭ്യര്‍ത്ഥന മാനിച്ചാണ് കെനിയന്‍ സര്‍ക്കാര്‍ ഗ്രാമത്തിലേക്ക് വൈദ്യതിയെത്തിക്കാന്‍ വേണ്ട നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. ഗ്രാമത്തില്‍ വൈദ്യുതി ലഭിച്ചാല്‍ മകളുടെ പ്രകടനം ടി.വിയില്‍ കാണാന്‍ സാദ്ധ്യമാവുമെന്നും അതിന് അവസരമൊരുക്കണമെന്നമായിരുന്നു കിപ്ലിഗോണിന്റെ അച്ഛന്‍ സാമുവല്‍ കോച്ച് ക്ലിപിഗോണ്‍ കെനിയന്‍ പ്രസിഡണ്ടിനോട് അഭ്യര്‍ത്ഥിച്ചത്.
അച്ഛന്റെ അഭ്യര്‍ത്ഥന ചെവി കൊണ്ട കെനിയന്‍ ഗവണ്‍മെന്റ് ഒട്ടും താമസിയാതെ പണി തുടങ്ങി. ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വെറും ഒന്‍പത് ദിവസം കൊണ്ട് വില്ലേജില്‍ വൈദ്യതിയെത്തിച്ചു. വൈദ്യുതി സ്വിച്ച് ഓണ്‍ ചെയ്യുന്ന ദിവസം നൂറുകണക്കിന് നാട്ടുകാരാണ് ക്ലിപിഗോണിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
കെനിയന്‍ എനര്‍ജി മിനിസ്റ്റ്രിറിയിലെ ഉദ്ദ്വോഗസ്ഥ പ്രമുഖര്‍ നേരിട്ടെത്തിയാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ചില വിജയങ്ങള്‍ ഇങ്ങിനെയൊക്കെയാണ്. ജയിക്കുന്നവരുടെ മാത്രമല്ല അവരുള്‍പ്പെടുന്ന സമൂഹത്തിന്റെ തന്നെ മുഖച്ഛായ മാറ്റിയെഴുതും.