നയ്‌റോബി: അദാനി ഗ്രൂപ്പിനെതിരായ പ്രതിഷേധം അവസാനിപ്പിച്ച് കെനിയയിലെ വ്യോമയാന തൊഴിലാളികള്‍. കെനിയ ഏവിയേഷന്‍ വര്‍ക്കേഴ്‌സ് യൂണിയനാണ് അദാനിക്കെതിരെ പ്രതിഷേധിച്ചത്. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാനുള്ള അദാനിയുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.
ഇതിനുപിന്നാലെ യൂണിയന്റെ അനുമതിയില്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകില്ലെന്ന് കെനിയന്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് പ്രതിഷേധം താത്കാലികമായി നിര്‍ത്തിവെക്കാന്‍ യൂണിയന്‍ തീരുമാനിക്കുകയായിരുന്നു.
10 ദിവസത്തിനകം പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ പരിശോധിക്കണമെന്ന് യൂണിയന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സിയയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ സമയപരിധിക്കുള്ളില്‍ കരാറുകള്‍ അംഗീകരിക്കണമെന്നും സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ട്രേഡ് യൂണിയന്റെ സെക്രട്ടറി ജനറല്‍ ഫ്രാന്‍സിസ് അത്വോലി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
അദാനിയുടെ കടന്നുകയറ്റം തൊഴില്‍ നഷ്ടത്തിനും അനുകൂലമല്ലാത്ത നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തൊഴിലാളികള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
ഇന്നലെ (വ്യാഴാഴ്ച) അദാനി രാജ്യം വിടണമെന്ന് മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയുണ്ടായി. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജും നടത്തിയിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കത്തെ കെനിയ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്.
അതേസമയം വിമാനത്താവളത്തെ പൂര്‍ണമായും അദാനിക്ക് കൈമാറാനല്ല, പകരം എയര്‍പോര്‍ട്ട് നവീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ അദാനിയുമായുള്ള കരാറുമായി മുന്നോട്ടുപോകുന്നതില്‍ ഔദ്യോഗിക തീരുമാനമുണ്ടായിട്ടില്ലെന്ന് കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിനും അദാനി ഗ്രൂപ്പിനുമെതിരെ പ്രതിഷേധിച്ച വ്യോമയാന തൊഴിലാളികള്‍ക്കെതിരെ ശിക്ഷ നടപടികള്‍ സ്വീകരിക്കില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം തങ്ങള്‍ക്കെതിരായ കെനിയന്‍ തൊഴിലാളികളുടെ പ്രതിഷേധത്തില്‍ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനുമുബ് മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലും ശ്രീലങ്കയിലും ഉള്‍പ്പെടെ അദാനിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. 2022ല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനിരുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെയാണ് ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം നടന്നത്.
നേരത്തെ വിയറ്റ്‌നാമിലെ രണ്ട് വിമാനത്താവളത്തില്‍ നിക്ഷേപം നടത്താനുള്ള ശ്രമങ്ങള്‍ അദാനി ഗ്രൂപ്പ് നടത്തുന്നതായി വിയറ്റ്‌നാം സര്‍ക്കാര്‍ പ്രതികരിച്ചു.
എന്നാല്‍ അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപങ്ങള്‍ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ സഖ്യവും നേതാക്കളും രൂക്ഷവിമര്‍ശനം ഉന്നയിക്കുകയാണ്. ചൈനയുമായുള്ള അദാനി ഗ്രൂപ്പിന്റെ ബന്ധം ഇന്ത്യക്ക് ഭീഷണിയാകുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കഴിഞ്ഞ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Content Highlight: Kenyan government kneels before aviation workers protest against Adani