| Monday, 21st October 2013, 1:49 pm

കെനിയന്‍ ഷോപ്പിങ് മാളിലെ ഭീകരാക്രമണത്തിനിടയില്‍ പട്ടാളക്കാര്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ വെളിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിങ് മാളില്‍ കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പട്ടാളക്കാര്‍ മാളിലെ കടകളില്‍ മോഷണം നടത്തിയതായി തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വിവാദമായിരിക്കുന്നത്. പട്ടാളക്കാരുടെ സേവനത്തെ പുകഴ്ത്തിയിരുന്ന കെനിയക്കാര്‍ ഇതോടെ അവര്‍ക്കു നേരെ തിരിഞ്ഞിരിക്കുകയാണ്.

പട്ടാളക്കാരെയോര്‍ത്ത് ലജ്ജിക്കുന്നു എന്നാണ് കെനിയയില്‍ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ ദി നേഷന്റെ ഒന്നാം പേജില്‍ വന്നത്.

ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണ്‍ എന്നു സംശയിക്കുന്ന പെട്ടികള്‍ കടത്തിക്കൊണ്ടു പോകുന്നതും മൊബൈല്‍ മണി ട്രാന്‍സ്ഫര്‍ ഷോപ്പില്‍  നില്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ക്യാമറയിലുള്ള മറ്റൊരു ദൃശ്യത്തില്‍ തളം കെട്ടിയ രക്തത്തിനു നടുവില്‍ ഒരാള്‍ കിടക്കുന്നതും കാണാം. ടി.വി മുതല്‍ ചീസ് വരെ ലഭിക്കുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കൈയ്യില്‍ പ്ലാസ്റ്റിക് കവറുകളുമായി പട്ടാളക്കാര്‍ മടങ്ങുന്നതും വ്യക്തമാണ്.

ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കെനിയന്‍ പ്രതിരോധസേനാ കേന്ദ്രങ്ങള്‍ അറിയിച്ചു.

അല്‍-ഖ്വയ്ദ ബന്ധമുള്ള ഷഹാബ് ഗ്രൂപ്പ് വെസ്റ്റ് ഗേറ്റ് മാളില്‍  നടത്തിയ ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു.  സൊമാലിയയിലേയ്ക്ക് കെനിയ പട്ടാളത്തെ അയച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.

ഗ്രനേഡുകളും എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ നാലു അക്രമികള്‍ കൊല്ലപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more