പത്ത് ലക്ഷം ഇന്ത്യന്‍ കാക്കളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ട് കെനിയ
World News
പത്ത് ലക്ഷം ഇന്ത്യന്‍ കാക്കളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ട് കെനിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2024, 4:00 pm

നയ്‌റോബി: പത്ത് ലക്ഷം ഇന്ത്യന്‍ കാക്കളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ട് കെനിയ സര്‍ക്കാര്‍. ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായ ഒരു ഭീകര ജീവിയാണ് കാക്കകളെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു. ഇന്ത്യന്‍ കാക്കകള്‍ കടന്നുകയറ്റക്കാരാണെന്നും ഇവ രാജ്യത്തെ തനതായ ജന്തുജാലങ്ങളെ തിന്നൊടുക്കുന്നുവെന്നുമാണ് ഉത്തരവിന് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ഇന്ത്യന്‍ കാക്കകള്‍ രാജ്യത്തിന്റെ സ്വാഭാവികമായ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കെനിയയിലെ വൈല്‍ഡ് ലൈഫ് സര്‍വീസ് ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരികള്‍ക്കും ടൂറിസത്തിനും ഇന്ത്യന്‍ കാക്കകള്‍ ഭീഷണിയാണെന്നും കെനിയ പറഞ്ഞു.

പ്രാദേശികമായ പക്ഷിവര്‍ഗങ്ങളുടെ നിലനില്‍പ്പിന് ഇന്ത്യന്‍ കാക്കകള്‍ തടസം സൃഷ്ടിക്കുന്നു. ഈ കാക്കകള്‍ പ്രദേശിക പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കര്‍ഷകര്‍ക്കും തീരദേശത്തെ ഹോട്ടലുടമകള്‍ക്കും രാജ്യത്തേക്ക് കടന്നുകയറിയ ഇന്ത്യന്‍ കാക്കകള്‍ ഭീഷണി ഉയര്‍ത്തുന്നതായും അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യാപകമായി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാതെ മറ്റു വഴികളില്ലെന്ന് വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്മൃൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസിയോകി പറഞ്ഞു.

വംശനാശ ഭീഷണി നേരിടുന്ന പ്രാദേശിക പക്ഷികളെ ഉപദ്രവിക്കുന്ന ഈ കാക്കകള്‍ പൊതുവെ അക്രമകാരികള്‍ ആണെന്നും പറയുന്നു. ഇന്ത്യന്‍ കാക്കകള്‍ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം കടുപ്പിക്കുന്നത്.

ഹൗസ് ക്രോസ് വിഭാഗത്തില്‍ പെടുന്ന ഇന്ത്യന്‍ കാക്കകള്‍ കിഴക്കന്‍ ആഫ്രിക്കയിലേക്ക് എത്തിച്ചേര്‍ന്നത് 1940കളോടെയാണെന്നാണ് നിഗമനം. കെനിയക്ക് പുറമെ മറ്റു രാജ്യങ്ങള്‍ക്കും ഇവ കുടിയറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നേരത്തെ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യന്‍ കാക്കകളെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

Content Highlight: Kenya ordered to kill 1 million Indian crows