[]നെയ്‌റോബി: നെയ്‌റോബിയിലെ ഷോപ്പിംങ്മാളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ 2 ഇന്ത്യക്കാരുള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെട്ടു.
8 വയസുകാരനായ പരംശു ജെയിന്‍ എന്ന ഇന്ത്യന്‍ വംശജനായ കുട്ടിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന 40 കാരനായ ശ്രീധര്‍ നടരാജനാണ് കൊല്ലപ്പെട്ട മറ്റൊരു ഇന്ത്യക്കാരന്‍
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കെനിയയിലെ ഏറ്റവും തിരക്കു പിടിച്ച വെസ്റ്റ് ഗേറ്റ് മാളിലാണ് ആക്രമണമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്ത്യക്കാരായ രണ്ട് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടതായും 150 ലേറെ പേര്‍ക്ക് പരിക്കേറ്റതായും കെനിയന്‍ പ്രസിഡന്റ് നാഷണല്‍ ടി.വിയിലൂടെ അറിയിച്ചു.
രണ്ട് ഫ്രഞ്ച് സ്ത്രീകള്‍ മരിച്ചതായി ഫ്രാന്‍സ് പ്രസിഡന്റും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കക്കാരായ 4 പേര്‍ ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്
കറുത്ത വസ്ത്രധാരികളായ മുകം മറച്ച അക്രമികള്‍ ഷോപ്പിങ്മാളില്‍ അതിക്രമിച്ചു കടന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷബാബ് എന്ന സൊമാലിയന്‍ തീവ്രവാദ സംഘടനയാണ് വെടിവെപ്പിന് പിനിനലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം കെനിയയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി ഈ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്നുള്ള ആക്രമണമായിരിക്കും തങ്ങളുടേതെന്നും സംഘടന വ്യക്തമാക്കിയിരുന്നു.