ലഹരിക്കടത്തിന് പിന്നില്‍ ഒരു മതവിഭാഗമെന്ന് കെന്നഡി; എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് ഏഷ്യാനെറ്റ് അവതാരകന്‍
Kerala News
ലഹരിക്കടത്തിന് പിന്നില്‍ ഒരു മതവിഭാഗമെന്ന് കെന്നഡി; എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് ഏഷ്യാനെറ്റ് അവതാരകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2023, 11:25 am

തിരുവനന്തപുരം: ലഹരി മരുന്നിന്റെ 99 ശതമാനവും കൈകാര്യം ചെയ്യുന്നത് പ്രത്യേക മതവിഭാഗമാണെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലായില്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ നേര്‍ക്കുനേര്‍ പരിപാടിയിലെ ചര്‍ച്ചക്കിടെ കെന്നഡി നടത്തിയ പരാമര്‍ശത്തെ ചോദ്യം ചെയ്ത് കൊണ്ട് ചാനല്‍ അവതാരകന്‍ തന്നെ രംഗത്തെത്തി.

ഏത് ഏജന്‍സി പുറത്ത് വിട്ട കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇത്ര ഗുരുതരമായ ആരോപണം ഒരു മതവിഭാഗത്തിനെതിരെ നടത്തിയതെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ പാലാ ബിഷപ്പടക്കം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും കെന്നഡി പറഞ്ഞു.

പാലാ ബിഷപ്പ് ഏതെങ്കിലും ഏജന്‍സിയുടെയോ ജൂറിസ്ഡിക്ഷന്റെയോ ഉദ്യോഗസ്ഥനല്ലല്ലോ എന്ന് അവതാരകന്‍ ചോദിച്ചതോടെ മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചതെന്നായിരുന്നു കെന്നഡിയുടെ മറുപടി.


‘ഇസ്‌ലാമോഫോബിയ എന്നൊക്കെ പറയുന്നവര്‍ ലഹരി മരുന്നിന്റെ 99 ശതമാനവും കൈകാര്യം ചെയ്യുന്നത് ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണെന്നത് മറക്കരുത്. പാലാ ബിഷപ്പടക്കം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ലഹരി ഉപഭോഗത്തില്‍ ക്രിസ്ത്യന്‍ കുട്ടികളടക്കം ഇരകളാക്കപ്പെടുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ലഹരി ഉല്‍പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനാണ്.

താലിബാനാണവിടെ ഭരിക്കുന്നത്. ലോകത്ത് ട്വിന്‍ ടവര്‍ തകര്‍ത്തതിന് പിന്നിലും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്നിന്റെ സാമ്പത്തിക സ്രോതസാണ് ഉപയോഗിച്ചിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതും ഇക്കാരണം കൊണ്ടാണ്. കേരളത്തിലടക്കമുള്ള തീവ്രവാദ മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണത്. അവരുടെ സാമ്പത്തിക സ്രോതസിന് പിന്നിലും ലഹരിമരുന്നുകളാണ്,’ എന്നിങ്ങനെയായിരുന്നു കെന്നഡിയുടെ വാദങ്ങള്‍.

എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളിക്കളയുന്ന മറുപടികളാണ് ചാനല്‍ അവതാരകന്‍ നടത്തിയത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഒരു സമുദായത്തിന് നേരെ താങ്കള്‍ ഇത്ര ഗുരുതരമായ ആരോപണമുന്നയിച്ചതെന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘പാലാ പിതാവിന്റെ പരാമര്‍ശമൊക്കെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ, അദ്ദേഹം ഏതെങ്കിലും ഏജന്‍സിയുടെ പ്രതിനിധിയോ ജൂറിസ്ഡിക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥനോ അല്ലല്ലോ, അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല വിയറ്റ്‌നാമിലും ആഫ്രിക്കയിലുമടക്കം കറുപ്പ് ഉല്‍പാദിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലടക്കം മയക്കുമരുന്ന് ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍ നിരവധിയുണ്ട്. എന്നിട്ടും എങ്ങനെയാണ് കേരളത്തിലെ മുസ്‌ലിങ്ങളാണ് ഇതിന് പിറകിലെന്ന് പറയാനാവുക,’ എന്നിങ്ങനെയായിരുന്നു അവതാരകന്റെ മറുപടി.

കൂട്ടത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മയക്ക് മരുന്ന് വില്‍പ്പനയുടെ പേരിലല്ലെന്നും തീവ്രവാദ ബന്ധം ചുമത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല പി.എഫ്.ഐ കേരളത്തിലെ മുഴുവന്‍ മുസ്‌ലിങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടനയല്ലെന്നും ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ ഒരു സമുദായത്തിന് മേല്‍ ചാര്‍ത്തുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പറഞ്ഞ് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു കെന്നഡി.

Content Highlight: kennady karimpinkala against muslim in kerala