കെനിയയിലെ ഭീകര ആക്രമണം: 60 ഓളം പേരെ കാണാതായതായി റിപ്പോര്‍ട്ട്
World
കെനിയയിലെ ഭീകര ആക്രമണം: 60 ഓളം പേരെ കാണാതായതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2013, 9:46 am

[]നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ വെസ്റ്റ് ഗേറ്റില്‍ ഉണ്ടായ ഭീകരാക്രമണത്തിനിടെ അറുപതോളം പേരെ  കാണാതായതായി കെനിയന്‍ റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.

അതേസമയം, കാണാതായവരില്‍ 10 പേരെ ജീവനോടെ കണ്ടെത്താന്‍ സാധിച്ചുവെന്നും അവര്‍ കുടുംബത്തോടൊപ്പം സുഖമായിരിക്കുന്നുവെന്നും മനുഷ്യാവകാശ സംഘടന അറിയിച്ചു.

മറ്റുള്ളവരുടെ കുറിച്ചുള്ള വ്യക്തമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. ഇവരെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം വെസ്റ്റ്‌ഗേറ്റ് മാള്‍ ആക്രമണം പോലുള്ളവ തുടര്‍ന്നും നടത്തുമെന്ന് അല്‍ഖ്വയ്ദ ബന്ധമുള്ള സൊമാലിയന്‍ ഭീകരസംഘടന അല്‍ഷബാബ് ഭീഷണിമുഴക്കി. “ട്വിറ്ററി”ലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മാള്‍ ആക്രമണത്തില്‍ ആറ് സൈനികര്‍ ഉള്‍പ്പെടെ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. 100 മണിക്കൂറിലധികം കെനിയന്‍ ഭരണകൂടത്തെ അടിമകളാക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.

വെസ്റ്റ്‌ഗേറ്റില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ അധികൃതര്‍ ഇനിയും മാസങ്ങളെടുക്കുമെന്ന് അവര്‍ പരിഹസിച്ചു. ആക്രമണം നടത്തിയതായി സംശയിക്കുന്ന എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ആറു സുരക്ഷാ ഉദ്യോഗസ്ഥരും നാലു ഇന്ത്യക്കാരും ഉള്‍പ്പെടെ 67 പേരാണു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൊമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍ ഷബാബായിരുന്നു ആക്രമണത്തിനു പിന്നില്‍.

അയല്‍രാജ്യമായ സൊമാലിയയില്‍ നിന്നു കെനിയന്‍ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണു ഭീകരസംഘടനയായ അല്‍ ഷബാബ് ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ വാണിജ്യ സമുച്ചയത്തില്‍ ഇരച്ചുകയറി ജനങ്ങളെ ബന്ദികളാക്കിയത്.