| Wednesday, 21st June 2023, 2:40 pm

യോഗയുടെ എല്ലാ അവകാശവാദങ്ങളും പൊളിച്ച് കയ്യില്‍ കൊടുത്തതാണ്; അവസാനിച്ച് പോയ ഒന്നിനെ കുഴിമാടത്തില്‍ നിന്ന് പൊക്കിയെടുത്ത് കൊണ്ടു വന്നതാരാണ്? കെ.ഇ.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറത്ത് നടന്ന ഇം.എം.എസ് സെമിനാറില്‍  കെ.ഇ.എന്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം

ഇന്ത്യയില്‍ യോഗയുടെ വലിയ സംവാദം നടക്കുകയും അതിന്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞുപോയതുമാണ്. യോഗയുടെ വലിയ സിദ്ധിയായി പറയുന്നത് അഷ്ട സിദ്ധിയാണ്. അഷ്ട സിദ്ധിയില്‍ അണിമ, ലഘിമ, ഗരിമ, ഈശ്വിത്വം, മഹിമ, പ്രാപ്തി, പ്രകാമ്യം, വശിത്വം എന്നിവ ഉള്‍പ്പെടുന്നു.

യോഗിക്ക് കടുക് മണിപ്പോലെ ചെറുതാകാന്‍ സാധിക്കുന്നതാണ് അണിമ. പര്‍വതം പോലെ വലുതാകാന്‍ പറ്റുന്നതാണ് മഹിമ. വലിയ ഭാരം കൂടാന്‍ പറ്റുന്നതാണ് ഗരിമ. ഭാരം കുറയുന്നത് ലഘിമ. യോഗിക്ക് വെള്ളത്തിന്റെ മുകളില്‍ നടക്കാന്‍ പറ്റും, വായുവില്‍ പറക്കാന്‍ പറ്റും.

ഈ അവകാശവാദങ്ങളൊക്കെയും പരീക്ഷണം നടത്തിയിട്ടുണ്ട്. നടന്നയാളുകളൊക്കെ വെള്ളത്തില്‍ മുങ്ങിപ്പോയി. പറക്കുന്നയാള്‍ വീണ് കാല് പൊട്ടി. അങ്ങനെ അവസാനിച്ച് പോയ ഒന്നാണ് യോഗ.

ഇങ്ങനെ അഷ്ടസിദ്ധികളും യോഗയെക്കുറിച്ചുള്ള അത്ഭുതങ്ങളുമൊക്കെ അവസാനിച്ചിട്ടും ഇന്ന് കേരളത്തിലും ഇന്ത്യയിലും, മാത്രമല്ല ലോകത്തെല്ലായിടത്തും സാര്‍വദേശീയ യോഗാദിനം ആചരിക്കുന്നു.

സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനമോ നവോത്ഥാന പ്രസ്ഥാനമോ തൊഴിലാളി പ്രസ്ഥാനമോ ഇതിനെ സാര്‍വദേശീയ ദിനമാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും യോഗ സാര്‍വദേശീയ ദിനമായി.

ഇത് ആരുടെ വിജയമാണ്. ജനാധിപത്യത്തിന്റെ വിജയമാണോ? അല്ല. ജാതി മേല്‍ക്കോയ്മയുടെ വിജയമാണ്.

ഗര്‍ഭിണികള്‍ പ്രത്യേക തരത്തിലുള്ള യോഗാഭ്യാസം ചെയ്യണം, മാംസാഹാരം ഉപേക്ഷിക്കണം, ചില ശ്ലോകങ്ങള്‍ ആവര്‍ത്തിക്കണം, ഇങ്ങനെ ചെയ്താല്‍ നീളമുള്ള വെളുത്ത ബുദ്ധിയുള്ള കുട്ടികളുണ്ടാകുമെന്ന് നേരത്തെ ബിന്ദു ടീച്ചര്‍ പറഞ്ഞിരുന്നു.

ഇത് നമ്മള്‍ ആദ്യം കേള്‍ക്കുമ്പോള്‍ ചിരിക്കും. പക്ഷേ നമ്മള്‍ മനസിലാക്കേണ്ടത് ആരും ആവശ്യപ്പെടാതെ യോഗക്ക് സാര്‍വദേശീയ ദിനമായി മാറാന്‍ കഴിഞ്ഞിരിക്കുന്നു. സാര്‍വദേശീയ മാനവിക ദിനമായ ജൂണ്‍ 21ന്. ഹ്യൂമനിസ്റ്റ് ഡേയാണ് ഇവിടെ അട്ടിമറിക്കപ്പെട്ടത്.

നമുക്കൊരു ഉല്‍കണ്ഠയുമില്ല. നമ്മള്‍ അതിന്റെ ഭാഗമായി മാറുകയാണ്. ഞാന്‍ വ്യക്തിപരമായി പറയുന്നത് അര്‍ദ്ധപത്മാസനത്തിലോ, പത്മാസനത്തിലോ, ശീര്‍ശാസനത്തിലോ, കുക്കുടാസനത്തിലോ അങ്ങനെ ഏതെങ്കിലും കാര്യത്തില്‍ കാല് ഉളുക്കിയിട്ടോ, മുട്ട് മടങ്ങിയിട്ടോ, മാനസിക സംഘര്‍ഷം ഉണ്ടായിട്ടോ ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ ചെയ്യാതിരിക്കുന്നതിന് അനുകൂലമോ അല്ലാതെയോ ഉള്ള പ്രസ്താവന എന്ന അര്‍ത്ഥത്തിലല്ല.

മറിച്ച്, എങ്ങനെയാണ് ജാതി മേല്‍ക്കോയ്മ നമ്മുടെ നാട്ടിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ അധ്വാനത്തെ സ്ഥാപനവല്‍ക്കരിക്കുന്നതെന്നതാണ്. നമുക്കറിയാം ഒരു മരം മുറിക്കുന്ന സമയത്തെ അവരുടെ ഒരു പോസ്റ്ററുണ്ട്. ആ ചുവടുറപ്പുള്ളൊരു നില്‍പ്പുണ്ട്. ഇങ്ങനെ മനുഷ്യന്റെ അധ്വാനത്തിലൂടെ രൂപപ്പെട്ട പല തരത്തിലുള്ള നില്‍പ്പുകള്‍, ശരീരത്തിന്റെ വളക്കാനും തിരിക്കാനുമുള്ള സ്വാതന്ത്ര്യം, അധ്വാന പ്രവര്‍ത്തനത്തിനിടയില്‍ മനുഷ്യനാര്‍ജിച്ച ശരീരത്തിന്റെ സ്വാതന്ത്ര്യം, ആ ശരീരത്തിന്റെ സ്വാതന്ത്ര്യത്തെയാണ് മറ്റൊരു തരത്തില്‍ സ്ഥാപനവല്‍ക്കരിച്ച് കൊണ്ട് രൂപപ്പെടുത്തിയെടുത്തത്.

അതുകൊണ്ട് അഭ്യാസമെന്ന നിലക്ക് ആളുകള്‍ക്ക് ചെയ്യാം ചെയ്യാതിരിക്കാം. പക്ഷേ ഞാന്‍ സൂചിപ്പിക്കുന്നത് ലോകം മുഴുവന്‍ ഒരു പ്രത്യേക ദിവസം പ്രദര്‍ശനപരമായി ഇത് നടത്താന്‍ ഏത് സംഘടന എപ്പോള്‍ ആവശ്യപ്പെട്ടുവെന്നാണ്.

അവിടെയാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ വിജയം നമ്മള്‍ മനസിലാക്കേണ്ടത്. അതുപോലെ മെയ്ദിനത്തിന്റെ അവസ്ഥയെന്താണ്. ലോകത്തെങ്ങുമുള്ള തൊഴിലെടുക്കുന്ന മനുഷ്യരുടെ ആത്മാഭിമാനം ആകാശത്തോളം ഉയര്‍ത്തിപ്പിടിച്ച, എല്ലാ സങ്കുചിതത്തിന്റെയും അപ്പുറത്ത് മനുഷ്യന്റെ അധ്വാനത്തെ അഭിവാദ്യം ചെയ്ത മെയ് ദിനം മെലിയുകയും, അതേസമയം ആരും ആവശ്യപ്പെടാതെ ലോകദിനമായി മാറിയ യോഗം ഇങ്ങനെ തടിച്ച് കൊഴുക്കുകയും ചെയ്യുന്നു. അത് പതുക്കെ പതുക്കെ നമ്മുടെ വ്യക്തി ജീവിതത്തില്‍ വരെ പല രീതിയില്‍ ഇറങ്ങി വരികയും അത് വലിയൊരു സംവാദം പോലുമാകാതെ പോകുകയും ചെയ്തു.

യോഗ വലിയ സംവാദമാകുകയും ഇത് പൊളിക്കുകയും ചെയ്തതാണ്. ഇതിന്റെ ഓരോ സിദ്ധികളെയും കുറിച്ചുള്ള അവകാശവാദത്തെയും പൊളിച്ചതാണ്. പൊളിച്ചടുക്കി കയ്യില്‍ കൊടുത്തതാണ്. പിന്നെ ഒരു യോഗിയും വെള്ളത്തിന്റെ മുകളില്‍ കൂടി നടക്കാമെന്ന് പറഞ്ഞിട്ടില്ല. പിന്നെയൊരു യോഗിയും ആകാശത്ത് കൂടി പറക്കാമെന്ന് പറഞ്ഞിട്ടില്ല.

അവസാനിച്ച് പോയ ഒന്നിനെ കുഴിമാടത്തില്‍ നിന്ന് പൊക്കിയെടുത്ത് കൊണ്ടു വന്നതാരാണ്? എന്തിനാണ്?

content highlights: KEN says that the claims of yoga in India were debunked, International Day of Yoga

We use cookies to give you the best possible experience. Learn more