| Monday, 2nd December 2024, 8:14 pm

മോദിയൊരു സൂഫി സമ്മേളനം ഉദ്ഘാടനം ചെയ്തതിന്റെ ഭീകര പ്രയോഗമാണ് അജ്മീറില്‍ കാണുന്നത്: കെ.ഇ.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഒരു സൂഫി സമ്മേളനം ഉദ്ഘാടനം ചെയ്തതിന്റെ ഭീകരമായ പ്രയോഗമാണ് ഇന്ന് അജ്മീറില്‍ കാണുന്നതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.ഇ.എന്‍.

തത്വത്തില്‍ അതൊരു കോമാളിത്തരമായിരുന്നെങ്കില്‍ ഇന്ന് അതിന്റെ ഭീകരമായ പ്രയോഗമാണ് അജ്മീറില്‍ കണ്ടെതെന്നാണ് കെ.ഇ.എന്‍ പറഞ്ഞത്. ഡൂള്‍ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 മാര്‍ച്ച് 17ന് ദല്‍ഹിയില്‍ നടന്ന വേള്‍ഡ് സൂഫി ഫോറത്തിലാണ് നരേന്ദ്ര മോദി പങ്കെടുത്തത്. ഇക്കാര്യം ഉദ്ധരിച്ചായിരുന്നു കെ.ഇ.എന്നിന്റെ പരാമര്‍ശം.

എല്ലാ വിഭാഗത്തില്‍ പെടുന്നവരുടെയും സങ്കടത്തിന്റെ പൊതികെട്ടുകള്‍ തുറന്നുവെക്കാനുള്ള ഒരു സൂഫി കേന്ദ്രമാണ് അജ്മീര്‍. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന, സൂഫി സാന്നിധ്യത്തിന്റെ, സംഗീതത്തിന്റെ ഇടം കൂടിയാണ് അത്. എന്നാല്‍ ആ അജ്മീറും ക്ഷേത്രം തകര്‍ത്താണ് ഉയര്‍ന്നുവന്നതെന്നാണ് ഇപ്പോള്‍ പറയുന്നതെന്ന് കെ.ഇ.എന്‍ ചൂണ്ടിക്കാട്ടി.

ഭരണകൂടത്തിന്റെ എല്ലാ പിന്തുണയോടും കൂടിയ അതിക്രമങ്ങളാണ് അജ്മീറില്‍ നടക്കുന്നത്. സൂഫിസത്തെ പിന്തുണക്കുന്നു എന്ന പറയുന്നവരുടെ കാപട്യമാണ് അജ്മീറില്‍ തുറന്നുകാണിക്കപ്പെട്ടതെന്നും കെ.ഇ.എന്‍ പറഞ്ഞു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് അജ്മീരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം സംസാരിച്ചു.

ബാബരി മസ്ജിദിനെതിരെ മുദ്രാവാക്യം ഉയര്‍ന്നപ്പോഴും പൊളിക്കപ്പെട്ടപ്പോഴും ഇത് ഇവിടെ നില്‍ക്കുകയില്ല എന്ന് ജനാധിപത്യ വാദികള്‍ ചൂണ്ടിക്കാട്ടിയതാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും കെ.ഇ.എന്‍ പറഞ്ഞു. സംഘര്‍ഷം നിലനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ വികേന്ദ്രീകൃതവും കേന്ദ്രീകൃതവുമായ പ്രതിഷേധങ്ങള്‍ സംഭാലിലും അജ്മീരിലും ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും കെ.ഇ.എന്‍ ചൂണ്ടിക്കാട്ടി.

എല്ലാ വിഭാഗത്തില്‍ പെട്ടവരും മതവിശ്വാസികളും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം തങ്ങളുടെ പ്രദേശത്തെ ആരാധനാലയങ്ങള്‍ സംഘര്‍ഷഭൂമിയാക്കാന്‍ സമ്മതിക്കില്ലെന്ന സൗഹൃദത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെ മറ്റൊരു രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും കെ.ഇ.എന്‍ ചൂണ്ടിക്കാട്ടി.

പ്രസ്തുത സംഭവങ്ങളില്‍ കോടതികള്‍ പുനര്‍വിചിന്തനം നടത്താന്‍ തയ്യാറാവണമെന്നും കെ.ഇ.എന്‍ പറഞ്ഞു. വളരെ ജാഗ്രത പുലര്‍ത്തേണ്ട പശ്ചാത്തലത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് നേരെയടക്കം ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ മുമ്പ് വന്നിരുന്നു. അന്നെല്ലാം സാമാന്യബോധമുള്ള കോടതികള്‍ അതെല്ലാം തള്ളിക്കളയുകയാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്ന് മറ്റു ഒട്ടനവധി കേസുകളില്‍ വിധി കാത്തുനില്‍ക്കുന്നവരെ പരിഗണിക്കാതെയും പ്രതിഷേധിക്കുന്ന ജനങ്ങളെ കേള്‍ക്കാതെയുമുള്ള അടിക്കടി നടപടികളാണ് കോടതികള്‍ സ്വീകരിക്കുന്നതെന്നും കെ.ഇ.എന്‍ പറഞ്ഞു.

Content Highlight: KEN react against in narendra modi on ajmer issue

We use cookies to give you the best possible experience. Learn more