| Thursday, 9th May 2019, 3:14 pm

മുഖം മറയ്ക്കുന്ന വസ്ത്രം നിശിത വിമര്‍ശനം അര്‍ഹിക്കുന്നു എന്നാല്‍ വിദ്യാലയ പ്രവേശനം നിരോധിക്കുന്നത് നീതിയല്ല: കെ.ഇ.എന്‍ കുഞ്ഞഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിശിതമായ വിമര്‍ശനം അര്‍ഹിക്കുന്നുണ്ടെങ്കിലും മുഖം മറച്ചുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാലയ പ്രവേശനം നിരോധിക്കുന്നത് അനീതിയാണെന്ന് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്.

അടിച്ചേല്‍പ്പിക്കപ്പെടുന്ന വസ്ത്രമെന്നപോലെ, വസ്ത്രത്തിനെതിരേയുള്ള അടിച്ചേല്‍പ്പിക്കപ്പെടലുകളും വിമര്‍ശിക്കപ്പെടണമെന്ന് കെ.ഇ.എന്‍ സുപ്രഭാതത്തോട് പറഞ്ഞു.

വ്യത്യസ്ത തരത്തിലുള്ള വസ്ത്രാഭിരുചികള്‍ക്കു പിറകില്‍ മറ്റു പല പരിഗണകള്‍ക്കൊപ്പം, പെട്ടെന്ന് തിരിച്ചറിയപ്പെടുന്നതും പെടാത്തതുമായ പുരുഷാധിപത്യ പ്രത്യയശാസ്ത്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അവയ്ക്കെതിരേയുള്ള ആശയ സമരങ്ങളും സംവാദങ്ങളുമാണ് ആവശ്യമായിട്ടുള്ളത്.

മുഖം മറച്ചുള്ള പര്‍ദയുടെ പേരില്‍ വിദ്യാലയ പ്രവേശം നിരോധിക്കുന്നത് നീതിയാവില്ല. അതു സംബന്ധിച്ചുള്ള സംവാദ വേദിയായി വിദ്യാലയങ്ങളെ വികസിപ്പിക്കുകയാണ് വേണ്ടത്. സ്ഥാപനങ്ങള്‍ക്കപ്പുറം സ്വന്തം വിശ്വാസത്തോട് നീതി പുലര്‍ത്തി എന്ന ഒരൊറ്റ കാരണത്താല്‍, ഒരു വിദ്യാര്‍ഥിയുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ വിശാല കാഴ്ചപ്പാടില്‍ നീതീകരിക്കപ്പെടുകയില്ല. കെ.ഇ.എന്‍ പറഞ്ഞു.

എം.ഇ.എസ് സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് കെ.ഇ. എന്നിന്റെ പ്രതികരണം. മുഖാവരണം ധരിക്കാതിരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് എം.ഇ.എസ് കോളേജില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിക്ക് സീറ്റ് നിഷേധിച്ച സംഭവമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more