| Tuesday, 25th February 2014, 9:20 am

ദൈവത്തെ വെല്ലുവിളിച്ചവര്‍ ആള്‍ ദൈവങ്ങള്‍ക്ക് മുന്നില്‍ ചൂളുന്നു : കെ.ഇ.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കോഴിക്കോട്: ഒരു കാലത്ത് ദൈവങ്ങളെ വെല്ലുവിളിച്ചവര്‍ ഇന്ന് ആള്‍ ദൈവങ്ങള്‍ക്ക് മുന്നില്‍ ചൂളിപ്പോവുകയാണെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു.

കേരളരക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് നടന്ന സര്‍ഗ്ഗ സാംസ്‌കാരിക സംഗമത്തില്‍ മതനിരപേക്ഷതാ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആള്‍ദൈവങ്ങള്‍ മതത്തിന്റെയോ മതനിരപേക്ഷതയുടേയോ മാനവികതയുടെയോ പ്രതിനിധികളല്ല, മറിച്ച് കമ്പോളത്തിന്റ കോമരങ്ങളാണ്. ആള്‍ദൈവങ്ങളും ഫാസിസ്റ്റുകളും ചേര്‍ന്ന് സമൂഹത്തില്‍ അദൃശ്യ ഭയം വളര്‍ത്തുകയാണെന്നും കെ.ഇ.എന്‍ പറഞ്ഞു.

കാടാമ്പുഴ ഭഗവതി രക്ഷിക്കട്ടെ എന്ന പോസ്റ്ററുകള്‍ മാതാ അമൃതാനന്ദമയി രക്ഷിക്കട്ടെ എന്നായി വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്.

ആശ്രമങ്ങള്‍ ആഭാസകേന്ദ്രങ്ങളായിരിക്കുന്നു. ചെറുകിട ആള്‍ദൈവങ്ങള്‍ക്ക് പകരം കോര്‍പ്പറേറ്റ് ദൈവങ്ങള്‍ രംഗത്തെത്തി. എണ്‍പതുകളില്‍ മുഖം കാണിക്കാന്‍ കെഞ്ചിയ ആള്‍ദൈവങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ ഓച്ചാനിച്ച്  നില്‍ക്കുന്ന കാഴ്ചയാണുള്ളതെന്നും കെ.ഇ.എന്‍ പറഞ്ഞു.

ആള്‍ദൈവങ്ങള്‍ മതത്തിന്റെ ഉത്പന്നമല്ല, മൂലധനത്തിന്റെ ഉത്പന്നമാണെന്ന് നാം തിരിച്ചറിയണം. വര്‍ഗ്ഗീയത ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമമാണെന്നാണ് വിവാദ വിഷയങ്ങളോട് അമൃതാനന്ദമയി പ്രതികരിച്ചത്. സര്‍വ്വ മതത്തെയും ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെടുന്ന അമൃതാനന്ദമയിയില്‍ നിന്നും ഇത്തരം പ്രതികരണങ്ങള്‍ ഉയരുന്നത് നമ്മളെ അസ്വസ്ഥരാക്കുന്നു.

ജീര്‍ണതക്കെതിരെയുള്ള വിമര്‍ശനത്തെ മറ്റൊരു ജീര്‍ണത കൊണ്ട് നേരിടാനാണ് ഇവരുടെ ശ്രമമെന്നും കെ.ഇ.എന്‍ കുറ്റപ്പെടുത്തി. ആയതിനാല്‍ ഇടതുപക്ഷ സംഘടനകളടക്കമുള്ളവര്‍ ഇതിനെതിരെ മൗനം വെടിഞ്ഞ് സമര രംഗത്തിറങ്ങണമെന്നും കെ.ഇ.എന്‍ പറഞ്ഞു.

ആര്‍ട്ട് ഗ്യാലറിക്ക് സമീപം നടന്ന പരിപാടിയില്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍, ഡോ: ഹേമന്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more