Kerala
'എല്ലാവിധ വധശിക്ഷകളെയും ഒറ്റക്കെട്ടായി നിന്ന് ചെറുത്തുതോല്‍പിക്കേണ്ട ഉത്തരവാദിത്വം ജനാധിപത്യ സമൂഹത്തിനുണ്ട്': കെ.ഇ.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 30, 10:07 am
Wednesday, 30th October 2019, 3:37 pm

കോഴിക്കോട്: അട്ടപ്പാടി നടന്ന മാവോയിസ്റ്റ് വേട്ടയില്‍ പ്രതികരണവുമായി എഴുത്തുകാരനും ഇടത് ചിന്തകനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്.

സംഭവിക്കാന്‍ പാടില്ലാത്ത ഒറ്റപ്പെട്ട സംഭവങ്ങളാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന്റെ സര്‍വ ഉത്തരവാദിത്വവും കേരള സര്‍ക്കാറിനാണ് എന്ന പ്രചാരണം ഒരു ഭാഗത്ത് കൊഴുക്കുകയാണെന്നും കെ.ഇ.എന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണകൂടത്തെയും(State) സര്‍ക്കാരിനെയും(Government) യാന്ത്രികമായി കൂട്ടിക്കുഴയ്ക്കുകയാണ്. അതിനെ നിശിതമായും എതിര്‍ക്കണം. ന്യായീകരിക്കാനാവാത്ത സംഭവങ്ങളെ മുന്‍നിര്‍ത്തി സംഘപരിവാര്‍ സമവാക്യ യുക്തികളാണ് പൊതുവില്‍ ശക്തമാകുന്നത്. അതിന്റെ അവികസിത സ്വഭാവം സൂക്ഷ്മമായി വിശകലന വിധേയമാക്കപ്പെടണം. അതോടൊപ്പം ഇടതുപക്ഷം സ്വന്തം വീഴ്ചകളെ ഒരുവിധേനയും അലസമായി കാണരുതെന്നും കെ.ഇ.എന്‍ പറഞ്ഞു.

തണ്ടര്‍ബോള്‍ട്ട് നടത്തിയ അട്ടപ്പാടിയിലെ മാവോവാദി വേട്ട സൈദ്ധാന്തികവും പ്രായോഗികവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് ഒറ്റക്കെട്ടായി നിന്ന് കേരളീയ ജനതയും ഇന്ത്യന്‍ ഫാസിസത്തിന്റെ പേടി സ്വപ്നമായി മാറിയ കേരള സര്‍ക്കാറും നിസംശയം അപലപിക്കണം.

കൊല്ലപ്പെട്ടവര്‍ക്ക് മരണാനന്തര നീതിയെങ്കിലും ഉറപ്പ് വരുത്തണം. അവര്‍ക്ക് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളെ ഭീകര പ്രവര്‍ത്തനമായി കാണരുത്.

മനുഷ്യാവകാശങ്ങളെ മുമ്പെന്നെത്തെക്കാളും ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒരു കാലത്തിലൂടെയാണ് സത്യമായും നാമിപ്പോള്‍ കടന്നുപോകുന്നത്. എല്ലാ വിധ വധശിക്ഷകളെയും ഒറ്റക്കെട്ടായി നിന്ന് ചെറുത്തുതോല്‍പിക്കേണ്ട ഉത്തരവാദിത്വം ജനാധിപത്യ സമൂഹത്തിനുണ്ടെന്നും കെ.ഇ.എന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ