| Sunday, 22nd December 2024, 5:36 pm

പെരുമാളെ വാദ്ധ്യാരാക്കിയ കറുപ്പന്‍... അടിച്ചമര്‍ത്തലിനെതിരെ പോരാടിയ വീരന്‍

അമര്‍നാഥ് എം.

സമൂഹത്തിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ തന്റെ സിനിമകളിലൂടെ നിരന്തരം കലഹിക്കുന്ന സംവിധായകനാണ് വെട്രിമാരന്‍. ഏറ്റവും പുതിയ ചിത്രമായ വിടുതലൈ പാര്‍ട്ട് 2വിലും സ്ഥിതി വ്യത്യസ്തമല്ല. ആദ്യ ഭാഗത്തില്‍ പൊലീസ് സേനയിലെ വിവേചനവും സാധാരണക്കാരോടുള്ള പൊലീസിന്റെ ക്രീരതയുമാണ് വെട്രിമാരന്‍ പറഞ്ഞത്. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ അത് സമൂഹത്തിലെ അടിച്ചമര്‍ത്തലുകളെയും അതിനെതിരെ പോരാടുന്നവരെയും വരച്ചുകാണിക്കുകയാണ്.

വിജയ് സേതുപതി അവതരിപ്പിച്ച വാദ്ധ്യാര്‍ എന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. പെരുമാള്‍ എന്ന സ്‌കൂള്‍ അധ്യാപകന്‍ എങ്ങനെ മക്കള്‍ പടൈയുടെ നേതാവായി എന്നാണ് ചിത്രം പറയുന്നത്. പെരുമാളിന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളെയും ചിത്രം ഫോക്കസ് ചെയ്യുന്നുണ്ട്.

അസമത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് ആവശ്യമാണെന്ന് ആദ്യമായി പെരുമാളിന് തോന്നിപ്പിച്ച കഥാപാത്രമാണ് കറുപ്പന്‍. ജന്മിയുടെ നയങ്ങള്‍ക്കെതിരെ കലഹിക്കുന്ന കറുപ്പനെ ജന്മി വിളിക്കുന്ന പേര് നാലണൈയന്‍ എന്നാണ്. എന്നാല്‍ തന്റെ കുലദൈവമായ കറുപ്പയ്യ സ്വാമിയുടെ പേരാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞ് പേര് മാറ്റുന്നിടത്ത് കറുപ്പന്റെ പോരാട്ടം.

വിദ്യാഭ്യാസം പ്രധാനമാണെന്ന് പെരുമാള്‍ കറുപ്പനോട് പറയുമ്പോള്‍ ‘ക്ലാസില്‍ എല്ലാവരെയും ഒരുമിച്ച് ഇരുത്തുമോ’ എന്ന് കറുപ്പന്‍ തിരിച്ചു ചോദിക്കുന്നുണ്ട്. പെരുമാളിന്റെ നിസ്സഹായാവസ്ഥയും കറുപ്പന്റെ ചോദ്യവും അന്നത്തെ രാഷ്ട്രീയ സാഹചര്യം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

‘എന്റെ കല്യാണം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകുമ്പോഴെങ്കിലും എല്ലാ വിദ്യാര്‍ത്ഥികളും ഒരുമിച്ചിരിക്കുന്ന അവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് കറുപ്പന്‍ പറയുന്നിടത്ത് നിന്ന് നമ്മുടെ സമൂഹം അധികമൊന്നും മാറിയിട്ടില്ലെന്ന് സമീപകാല സംഭവങ്ങള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. കറുപ്പന്റെ പോരാട്ടവും മരണവും പെരുമാളെ അടുത്ത പോരാളിയാക്കി മാറ്റുന്നുണ്ട്. തന്റെ ലക്ഷ്യത്തിനായി പോരാടുമ്പോള്‍ അയാള്‍ തെരഞ്ഞെടുക്കുന്ന പേര് കറുപ്പന്റേതാണ്.

കെന്‍ കരുണാസ് എന്ന നടന്‍ കറുപ്പനായി ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചത്. ബാലതാരമായി സിനിമാജീവിതം ആരംഭിച്ച കെന്‍ കരുണാസ് വെട്രിമാരന്റെ അസുരനിലൂടെയാണ് ശ്രദ്ധേയനായത്. ധനുഷിന്റെ മകനായി മികച്ച പ്രകടനം പുറത്തെടുത്ത കെന്‍ കരുണാസ് നിരൂപകരുടെ കൈയടിയും നേടി. വിടുതലൈ 2വില്‍ വലിയ പ്രാധാന്യമുള്ള വേഷമായിരുന്നു കെന്നിന്റേത്.

നാല് മണിക്കൂറിലധികം ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രത്തില്‍ കെന്നിന്റെ ഒരുപാട് ഭാഗങ്ങള്‍ ഒഴിവാക്കപ്പെട്ടു. എക്സ്റ്റന്‍ഡഡ് വേര്‍ഷനായി പുറത്തിറങ്ങുന്ന ഒ.ടി.ടി റിലീസില്‍ കെന്നിന്റെ ഭാഗങ്ങളും ഉണ്ടാകുമെന്ന് സംവിധായകന്‍ വെട്രിമാരന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കറുപ്പന്‍ എന്ന കഥാപാത്രത്തെ വെച്ച് ഒരു സ്പിന്‍ ഓഫ് സിനിമ വേണമെന്ന് വിജയ് സേതുപതി ആവശ്യപ്പെട്ടത് കഥാപാത്രത്തിന്റെ വിജയമാണ്.

Content Highlight: Ken Karunas character in Viduthalai part 2 discussing in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more