മാതൃഭൂമി ഈ ലക്കം ആഴ്ച്ചപ്പതിപ്പിലെ “ഒരു കമ്യൂണിസ്റ്റിന്റെ മൂന്ന് വിശ്വാസഘട്ടങ്ങള്‍” എന്ന കെ.ഇ.എന്നുമായി കെ.കണ്ണന്‍ നടത്തിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ആരെങ്കിലും “അസ്സലാമു അലൈക്കും” എന്ന് പറഞ്ഞാല്‍ തിരിച്ച് “വ അലൈക്കും അസ്സലാം” എന്ന് പ്രത്യഭിവാദ്യം ചെയ്യാന്‍ തീരുമാനിച്ചു എന്നായിരുന്നു കെ.ഇ.എന്‍ പറഞ്ഞത്. എന്നാല്‍ സലാമിന് പകരം സലാം പറയണമെന്ന് നിര്‍ബന്ധമുള്ളവര്‍ തന്നെ മറ്റ് തരത്തിലുള്ള അഭിവാദ്യങ്ങളോട് അതൃപ്തി കാണിക്കില്ലേ എന്ന ചോദ്യവുമായി എം.എന്‍ കാരശ്ശേരിയും രംഗത്തെത്തുകയായിരുന്നു. കെ.ഇ.എന്നിന്റെ ഈ പരാമര്‍ശത്തില്‍ കൂടുതല്‍ പേര് പ്രതികിരിക്കുന്നു.
-കെ.ഇ.എന്‍
ഈ സന്ദര്‍ഭത്തില്‍ മറ്റൊരു കാര്യം കൂടി പറയാം. പരിചയപ്പെടുന്നവരും ബന്ധുക്കളും ഇസ്‌ലാമിക പതിവനുസരിച്ചും അല്ലാതെയും “അസ്സലാമു അലൈക്കും” എന്നു പറയുമ്പോള്‍ “വ അലൈക്കും അസ്സലാം” എന്ന് അൗപചാരികമായി പറയുന്നതില്‍ അനൗചിത്യമില്ല എന്നറിഞ്ഞിട്ടും അങ്ങനെ പറയാന്‍ ഇതുവരെ എനിക്ക് കഴിഞ്ഞിരുന്നില്ല. അതിന് കാരണം ഏതെങ്കിലും തരത്തില്‍ മതവിശ്വാസി എന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കാന്‍ ഈയൊരു പ്രയോഗം കാരണമാകുമോ എന്ന ഉല്‍കണ്ഠയായിരുന്നു.
എന്നാല്‍ സമീപകാലത്ത് ഫോണില്‍ ഒരു സുഹൃത്ത് “അസ്സലാമു അലൈക്കും” എന്ന് പറഞ്ഞപ്പോള്‍ തിരിച്ച് ഓകെ എന്ന് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍, സാധാരണ ഭൂരിപക്ഷം പേരും കാര്യം കാര്യം സംസാരിക്കുകയാണ് പതിവ്. ആ സുഹൃത്താകട്ടെ ഓകെ പോരല്ലോ എന്നു പറഞ്ഞു. വീണ്ടും അയാള്‍ അസ്സലാമു അലൈക്കും പറഞ്ഞു. ഞാന്‍ വീണ്ടും ശരി എന്നു പറഞ്ഞു. അപ്പോള്‍ അയാള്‍ ശരി പോരല്ലോ എന്നു പറഞ്ഞു. ഫോണ്‍ കട്ടായി പിന്നെയും വന്നു. അയാള്‍ വീണ്ടും അസ്സലാമു അലൈക്കും പറഞ്ഞു ഞാന്‍ തിരിച്ച് ആ പറയു എന്നായി. ആ പറയു എന്നു പറഞ്ഞാല്‍ പോരല്ലോ എന്ന് അയാള്‍ എന്നോട്. അസ്സലാമു അലൈക്കും പറഞ്ഞാല്‍ ഉച്ചത്തില്‍ തന്നെ വ അലൈക്കും അസ്സലാം എന്നു പറയേണ്ടതുണ്ടോ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. അങ്ങനെ പറയുന്നതാണല്ലോ ഉചിതം എന്നായി അയാള്‍. വീണ്ടും സംഘര്‍ഷം. ഒടുവില്‍ ചിരിച്ച് അയാള്‍ പറഞ്ഞു ഞാന്‍ പി.ടി കുഞ്ഞുമുഹമ്മദാണ്. ആ സംഭാഷണം കുറേക്കൂടി ആഴത്തില്‍ ആലോചിക്കാന്‍ പ്രേരകമായി.
നമസ്‌ക്കാരം പറഞ്ഞാല്‍ തിരിച്ച് നമസ്‌ക്കാരം, ജയ് ഹിന്ദ് പറഞ്ഞാല്‍ തിരിച്ച് ജയ് ഹിന്ദ്, അസ്സലാമു അലൈക്കും എന്നതിന് തിരിച്ച് വ അലൈക്കും അസ്സലാം എന്ന് പറയാന്‍ കഴിയാതെ പോകുന്നത് എന്ത്‌കൊണ്ട് എന്ന് വിമര്‍ശനപരമായി ആലോചിച്ചു. ആലോചനയുടെ ഭാഗമായി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഈയൊരു തീരുമാനമെടുത്തു. ഇനി ഇങ്ങനെ അഭിവാദ്യം ചെയതാല്‍ അതേ രീതിയില്‍ പ്രത്യഭിവാദ്യം ചെയ്യണമെന്ന് തീരുമാനിച്ചു. രണ്ടു മൂന്നു മാസം ആരും ഈ രീതിയില്‍ അഭിവാദ്യം ചെയ്തില്ല. ഈയിടെ ചിലര്‍ വിളിച്ചപ്പോഴാകട്ടെ വേണ്ട രീതിയില്‍ പ്രതികരിക്കാനും കഴിഞ്ഞില്ല. തത്ത്വത്തില്‍ പഴയ തീരുമാനം തിരുത്തിയെങ്കിലും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇനി മുതല്‍ ഇങ്ങനെ സലാം ചെയ്യുമ്പോള്‍ തിരിച്ച് സലാം പറയും. നമസ്‌തെക്ക് നമസ്‌തെ. ജയ് ഹിന്ദിന് ജയ് ഹിന്ദ്. ഒരു പക്ഷെ ഫാസിസ്റ്റാനന്തര കാലത്തെ നിരന്തരമായ ജനാതിപധ്യ ബഹുസ്വര മാറ്റമായി ഞാന്‍ ഇതിനെ സ്വയം സ്വാഗതം ചെയ്യുന്നു.
–എം.എന്‍ കാരശ്ശേരി
ഈ ലക്കത്തെ മാതൃഭൂമിയില്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയായ കെ.ഇ.എന്‍ പറയുന്നു, ആരെങ്കിലും അസ്സലാമു അലൈക്കും പറഞ്ഞാല്‍ തിരിച്ച് വലൈക്കും അസ്സലാം എന്ന് പറയാന്‍ അയാള്‍ ജീവിതം കൊണ്ട് പഠിച്ചിരിക്കുന്നു എന്ന്. എനിക്ക് ചോദിക്കാനുള്ളത് ഒരു ലളിതമായ ചോദ്യമാണ്. ജയ് ശ്രീരാം, ജയ് ഹനുമാന്‍, സ്വാമി ശരണം എന്നൊക്കെ അഭിസംബോധന ചെയ്യുന്നവരുണ്ട്. കെ.ഇ.എന്‍ അവരെയും അതേ പോലെ തിരിച്ച് അഭിസംബോധന ചെയ്യുമോ. അഭിസംബോധന ചെയ്യപ്പെടുന്ന അതേ രീതിയില്‍ തിരിച്ച് പറയാന്‍ ഞാന്‍ തയ്യാറാണ്. സലാമിന് പകരം സലാം പറയണമെന്ന് നിര്‍ബന്ധമുള്ളവര്‍ തന്നെ മറ്റ് തരത്തിലുള്ള അഭിവാദ്യങ്ങളോട് അതൃപ്തി കാണിക്കില്ലേ.
-ശ്രീജിത്ത് കൊണ്ടോട്ടി
സലാം മടക്കുന്നതിനും പറയുന്നതിനും ഒരു മടിയുമില്ലാത്ത ആള്‍ എന്ന നിലയില്‍ ചിലതു പറയട്ടെ. ആഴത്തില്‍ ഉള്ള സൗഹൃദത്തിന്റെയോ അപരിചിതമെങ്കിലും ഹൃദ്യമായ പുഞ്ചിരിയുടെയോ അല്ലെങ്കില്‍ വല്ലാത്തൊരു ദൈന്യതയുടെയുമൊക്കെ മുഖങ്ങളില്‍ നിന്നാണ് പലപ്പോഴും ഇങ്ങനെ ഒരു അഭിവാദനം അനുഭവപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രത്യഭിവാദ്യം അര്‍ഹിക്കുന്നുമുണ്ട്.
എന്നാല്‍ “ജയ് ശ്രീറാം” എന്നതിനെ മനുഷ്യര്‍ തമ്മിലുള്ള പരസ്പര അഭിവാദനമായല്ല, ഹിംസാത്മകമായ ആക്രോശമായാണ് കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതും. രാമന്‍ എന്ന ദൈവത്തിന്റെ ജയമല്ല, അതിന്റെ പേരിലുള്ള ഭീകരമായ ഒരു രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതിലൂടെ ഉദ്‌ഘോഷിക്കുന്നത്.
ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്ക് മുകളില്‍ ആയുധങ്ങളുമേന്തിയ കര്‍സേവകരില്‍ നിന്നും ഈ ആക്രോശം നമ്മള്‍ കേട്ടിട്ടുണ്ട്. നിരപരാധികളായ മനുഷ്യരെ വെട്ടിയും കുത്തിയും കത്തിച്ചും കൂട്ടക്കൊല ചെയ്ത ഗുജറാത്തില്‍ നിന്ന് ഉയര്‍ന്നു കേട്ടതും ഇതേ ജയ് ശ്രീരാം വിളികള്‍ ആയിരുന്നു. ഗോവധം ആരോപിച്ചു കൊലചെയ്യപ്പെട്ട മനുഷ്യരുടെ മൃതശരീരങ്ങള്‍ക്ക് മുന്‍പില്‍ നിന്ന്, മതവെറിയുടെ പേരില്‍ ഒരു മുസിലിം പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്തു കൊന്ന ആക്രമിക്കൂട്ടങ്ങള്‍ക്ക് വേണ്ടി എല്ലാം മുഴങ്ങി കേട്ടത് ഇതേ “ജയ് ശ്രീറാം” ആക്രോശങ്ങള്‍ ആയിരുന്നു.
“ജയ്ശ്രീരാം” കേവലം ഒരു അഭിവാദന രീതിയല്ല എന്നും അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും അധികാര പ്രയോഗവും അത് മുന്നോട്ടുവയ്ക്കുന്നുണ്ട് എന്ന കാര്യവും പ്രിയപ്പെട്ട എം.എന്‍ കാരശ്ശേരി മാഷിന് അറിയാതിരിക്കാന്‍ വഴിയില്ല. സംഘപരിവാര്‍ സംഘടനകള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഇതര മതവിശ്വാസികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കയറില്‍ കെട്ടിയിട്ടും രാമനും ഹനുമാനും നിര്‍ബന്ധിച്ചു ജയ് വിളിപ്പിക്കുന്ന കാലത്ത് ഇത്തരം ചോദ്യങ്ങള്‍ ബുദ്ധിമുട്ടല്ല, വല്ലാത്തൊരു അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്.
-ഡോ.ആസാദ്
ഫാഷിസം ശക്തമാകുമ്പോള്‍ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയ ബദലാണ് പ്രതിരോധ ശക്തി കൈവരിക്കേണ്ടത്. ഫാഷിസത്തിനെതിരെ ജനകീയമുന്നണി നയിക്കേണ്ടത് തൊഴിലാളി വര്‍ഗമാണെന്നല്ലേ ദിമിത്രോവിയന്‍ തീസിസ് ? ബദല്‍ സാമ്പത്തിക- രാഷ്ട്രീയ വ്യവസ്ഥ മുന്നോട്ടു ലയ്ക്കുന്നത് തൊഴിലാളി വര്‍ഗ രാഷ്ട്രീയമായതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. മുതലാളിത്തത്തെ നേരിടേണ്ടത് മതരാഷ്ട്രീയം കൊണ്ടല്ല.
അതിക്രമങ്ങളെയും ഉന്മൂലന നീക്കങ്ങളെയും നേരിടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെല്ലാം ജനാധിപത്യ മതേതര ബദലാണ് അന്വേഷിക്കേണ്ടത്. സംഘപരിവാരങ്ങളുടെ യുക്തിവാദം തന്നെ മറ്റൊരൂന്നലില്‍ ആവര്‍ത്തിക്കുന്നത് അപകടകരമാണ്. നാളെ മുതല്‍ എന്നോടു മതപരമായ അഭിവാദ്യമാവാം ,ഞാന്‍ തയ്യാറായിരിക്കുന്നു എന്നത് ഫാഷിസ്റ്റു വിരുദ്ധ സമരമുഖത്തുനിന്നുള്ള അറിയിപ്പായി കരുതുക വയ്യ. അങ്ങനെ ചിതറുകയാണ് വിപ്ലവ രാഷ്ട്രീയമെന്നത് ഖേദവും നിരാശയുമുണ്ടാക്കും. ഇടതുപക്ഷ രാഷ്ട്രീയം അകത്തു വലിയ വിള്ളലുകള്‍ വീണു വെപ്രാളപ്പെടുകയാണെന്ന് ആളുകള്‍ കരുതും.
ജീവിത സാഹചര്യങ്ങളുടെയും വിശ്വാസ പ്രമാണങ്ങളുടെയും വ്യതിരിക്തതകളും ബഹുസ്വരതയും ആദരവോടെ അംഗീകരിക്കുന്നു. അവയെല്ലാം വ്യക്തി ജീവിതത്തിന്റെ സൂക്ഷ്മതയില്‍ തുടരുകയോ വിശദമായ സംവാദങ്ങളിലേര്‍പ്പെടുകയോ ചെയ്യട്ടെ. ഫാഷിസ്റ്റധീശത്വത്തെ ചെറുക്കുന്ന കാലത്ത് സൂക്ഷ്മഭേദങ്ങളുടെ കലഹം പൊതുസമരമുഖത്തെ ദുര്‍ബ്ബലപ്പെടുത്തുന്നത് ശരിയല്ല. മുതലാളിത്തത്തെ എതിര്‍ക്കാന്‍ പ്രാപ്തമായ ഒരു സിദ്ധാന്തം എന്ന നിലയിലാണ് തൊഴിലാളിവര്‍ഗം മാര്‍ക്‌സിസം ഉയര്‍ത്തിപ്പിടിക്കുന്നത്. പരാജയപ്പെട്ട ശ്രമങ്ങളും പരീക്ഷണങ്ങളും കാട്ടി ഇനിയൊരു വിജയം അസാധ്യമാണെന്ന് മുതലാളിത്ത പ്രചാരകര്‍ വിധിക്കാം. അതിനു വഴങ്ങി പൊതുപോരാട്ടങ്ങള്‍ മാറ്റിവയ്ക്കാന്‍ നമുക്കാവില്ല. തങ്ങള്‍ക്ക് സാധൂകരണമുണ്ടാക്കാന്‍ പഴയ മാര്‍ക്‌സിസ്റ്റുകളെ തേടുന്ന രീതിയുണ്ട്. ഗരോദി കേരളത്തിലെത്തിയത് അങ്ങനെയാണ്. നാം ജാഗ്രത പുലര്‍ത്തിയേ പറ്റൂ.
-എന്‍.കെ ഭൂപേഷ്
അസ്സലാമു അലൈക്കും എന്നൊരാള്‍ പറയുമ്പോള്‍ സലാം മടക്കുന്നവര്‍ക്ക് ജയ് ശ്രീരാം എന്ന് അഭിവാദ്യം ചെയ്യുമ്പോള്‍ അതേ വാക്കില്‍ തിരിച്ച് അഭിവാദ്യം ചെയ്താല്‍ എന്താണ് എന്ന ചോദ്യം ഒരു ടിപ്പിക്കല്‍ യുക്തിവാദ ചിന്തയാണ്. അസ്സാലാമു അലൈക്കും എന്ന് പറഞ്ഞാല്‍ എനിക്ക് സലാം മടക്കുന്നതിന് പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ ജയ് ശ്രീറാം എന്ന് പറഞ്ഞാല്‍ ഞാന്‍ അതേ രീതിയില്‍ പ്രത്യാഭിവാദ്യം ചെയ്യില്ല. ഏതെങ്കിലും ഒരൂ മതത്തോടും അതിന്റെ ചിഹ്നങ്ങളോടും എന്തെങ്കിലും മമതയുണ്ടായിട്ടല്ല. ഇതിലൊക്കെ അടങ്ങിയ രാഷ്ട്രീയമാണ് പ്രധാനം എന്ന് കരുതുന്നതുകൊണ്ടാണ്.
-സനീഷ് എളയാടത്ത്
അസ്സലാമു അലൈക്കും എന്നൊരാള്‍ മുന്നില്‍ നിന്ന് പറഞ്ഞാല്‍ വ അലൈക്കും അസ്സലാം എന്ന് തിരിച്ച് പറയാന്‍ അരനിമിഷം പോലും ആലോചിക്കേണ്ടി വരാറില്ല. ഇപ്പോഴല്ല, ഏതാണ്ട് പ്രീഡിഗ്രി കാലം തൊട്ടെങ്കിലും അതങ്ങനെയാണ്. ലോകത്തിന്റെ വലിയൊരു ഭാഗത്തെ ജനങ്ങള്‍ പരസ്പരം സലാം പറയുന്ന പ്രയോഗമാണത്. “നിങ്ങള്‍ക്ക് മേല്‍ സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ” എന്നാണതിനര്‍ഥം. അത് തിരിച്ച് പറയാന്‍ വലിയ കാലത്തെ ആലോചനകള്‍ എന്തിനാണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.
അങ്ങനെയെങ്കില്‍ ജയ് ശ്രീരാം എന്ന് ഒരാള്‍ പറഞ്ഞാല്‍ ജയ് ശ്രീരാം എന്ന് തന്നെ തിരിച്ച് അഭിവാദ്യം ചെയ്ത് കൂടേയെന്ന് എം.എന്‍ കാരശ്ശേരി. തെറ്റായ ലോജിക്കാണ് കാരശ്ശേരി മാഷ് പ്രയോഗിക്കുന്നതെന്ന് തോന്നി. ഞാനാണെങ്കില്‍ ജയ് ശ്രീരാം തിരിച്ച് പറയില്ല. എനിക്കത് കേട്ടാല്‍ സമാധാനം എന്ന സംഗതിയേ ഓര്‍മ്മ വരില്ല. നിങ്ങളുടെ മേല്‍ ഞാന്‍ ഒരു ശരിയല്ലാത്ത രാഷ്ട്രീയത്തെ എടുത്ത് വെക്കുന്നു എന്നാണ് അങ്ങനെ ആശംസിക്കുന്നയാള്‍ നല്‍കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.