കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ പാലോട് കാവില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് കേരളത്തിന് അപമാനമാണെന്ന് സാംസ്‌കാരികപ്രവര്‍ത്തകന്‍ കെ.ഇ.എന്‍. ആ ബോര്‍ഡ് വെച്ചവര്‍ തന്നെ അത് എടുത്തുമാറ്റുന്നത് നമ്മുടെ പ്രബുദ്ധതയ്ക്ക് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
വിവിധ വിശ്വാസത്തില്‍പ്പെട്ട മനുഷ്യരല്ല ഇവിടെ വാദികളും പ്രതികളുമെന്നും ഇത് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന അജണ്ടയാണെന്നും അദ്ദേഹം പറയുന്നു.
ഒരു ഉത്സവത്തിന് ആത്മീയമായും ഭൗതികമായും രണ്ട് തലങ്ങളുണ്ടെന്നും കെ.ഇ.എന്‍ പറയുന്നു. ആത്മീയമായി ബന്ധപ്പെട്ടവര്‍ മാത്രമാണ് ആത്മീയ തലത്തിന്റെ ഭാഗമാവുന്നതെന്നും എന്നാല്‍ എല്ലാ വിധത്തില്‍പ്പെട്ട ആളുകളുടെ ഒത്തുചേരലുകളും പലതരത്തിലുള്ള കളികളും കച്ചവടവും മറ്റും ഉള്‍പ്പെടുന്നതാണ് ഉത്സവത്തിന്റെ ഭൗതിക തലമെന്നും അത് അമ്പലത്തിലെ ഉത്സവമായാലും പള്ളിയിലെ നേര്‍ച്ചയായാലും അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇതിനെ അട്ടിമറിക്കുന്ന തരത്തില്‍ നമ്മുടെ ജീവിതം അരക്ഷിതമാക്കുന്ന രീതിയിലുള്ള ചെറുതും വലുതുമായ ഇടപെടലുകള്‍ ചില സ്ഥലങ്ങളില്‍ മുമ്പും കണ്ടിരുന്നുവെന്നും എന്നാല്‍ ഇത്തരത്തിലുള്ള വെറുപ്പിന്റെ വൈറസ് വ്യാപിക്കാന്‍ കാരണമെന്താണെന്നും അദ്ദേഹം ചോദിക്കുന്നു.
അതില്‍ പ്രധാനം 2014ല്‍ അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇന്ത്യന്‍ ഫാസിസം ഭയപ്പെടുന്ന ഒരു പ്രദേശമായി കേരളം നിലകൊള്ളുകയാണെന്നും ഇതാണ് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘അതേസമയം, കേരളത്തിന്റെ സാംസ്‌കാരിക പിന്നോക്കാവസ്ഥ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഇടതുപക്ഷ സാംസ്‌കാരിക വിമര്‍ശകന്‍ എന്ന നിലയില്‍ പലയിടങ്ങളിലും പറയുകയും എഴുതുകയും ചെയ്തിരിക്കുന്ന കാര്യമാണ്, ഒരര്‍ത്ഥത്തില്‍ എനിക്ക് തന്നെ മടുപ്പുളവാക്കുന്ന കാര്യം തന്നെയാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. നമ്മള്‍ രാഷ്ട്രീയമായി മുന്നിലാണെങ്കിലും സാംസ്‌കാരികമായി പിന്നിലാണ്.
രണ്ടാമത് പറയുന്ന കാര്യം, സംഘപരിവാര്‍ രാഷ്ട്രീയമായി പരാജയപ്പെടുമ്പോഴും അവര്‍ സാംസ്‌കാരികമായി വിജയിക്കുന്നു. മൂന്നാമതായി പറയുന്ന ആശയം, ജനാധിപത്യവാദികള്‍, ഇടതുപക്ഷം രാഷ്ട്രീയമായി ജയിക്കുമ്പോഴും സാംസ്‌കാരികമായി തോല്‍ക്കുന്നു,’ കെ.ഇ.എന്‍ പറയുന്നു.
ഈ മൂന്ന് ആശയങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സാംസ്‌കാരിക അവസ്ഥയെകുറിച്ച് ആലോചിക്കുമ്പോള്‍ നമുക്ക് ആശങ്കയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
ക്ഷേത്രോത്സവത്തിനായാലും പള്ളികളിലെ നേര്‍ച്ചയായാലും വിവിധ തരത്തിലുള്ള ആളുകള്‍ കച്ചവടാവശ്യത്തിനായും മറ്റും വന്നുചേരുമെന്നും അതിനെ വിലക്കാന്‍ ജനാധിപത്യം നമ്മെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഇത്തരം അജണ്ടകള്‍ യാഥാസ്ഥിതിക കാഴ്ചപ്പാടുമായാണ് ബന്ധപ്പെടുത്തുന്നതെന്നും അതൊരു രാഷ്ട്രീയ അജണ്ടയല്ലെന്നും പറഞ്ഞ കെ.ഇ.എന്‍ ഉത്തരേന്ത്യയില്‍ നടക്കുന്നത് കേവലം യാഥാസ്ഥിതിക കാഴ്ചപ്പാടിന്റെ അവതരണമല്ലെന്നും അതിന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്നു.
കേരളത്തില്‍ സംഘപരിവാര്‍ ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതിനെ പിന്തുണക്കില്ലെന്നും, അഥവാ ഏതെങ്കിലും ലിബറല്‍ സെക്കുലര്‍ പാര്‍ട്ടികള്‍ പിന്തുണച്ചാല്‍ തന്നെ ഇടതുപക്ഷത്തിന്റെ പിന്തുണ ഒരിക്കലും ലഭിക്കില്ലെന്ന് തനിക്ക് ഉറപ്പുപറയാന്‍ സാധിക്കുമെന്നും കെ.ഇ.എന്‍ കൂട്ടിച്ചേര്‍ത്തു.
കൊടുങ്ങല്ലൂരിലെ മാലിക് ദിനാര്‍ പള്ളിയിലെ കുളത്തിലും സമാനമായ ഒരു ബോര്‍ഡ് സ്ഥാപിക്കപ്പെട്ടതായി എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് തന്നോട് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
‘പകര്‍ച്ചവ്യാധിയുള്ളവരും ഹിന്ദുക്കളും ഈ കുളത്തില്‍ കുളിക്കരുത്’ എന്നായിരുന്നു മാലിക് ദിനാര്‍ പള്ളിയിലെ ബോര്‍ഡെന്നും അദ്ദേഹം പറയുന്നു. ഇത് ശരിയാണെങ്കില്‍ അവിടുത്തെ ജനങ്ങള്‍ ആ ബോര്‍ഡിനെതിരെ അണിനിരക്കണമെന്നും അദ്ദേഹം പറയുന്നു.
‘പാലോട് കാവിലെ ബോര്‍ഡും മാലിക് ദിനാര്‍ പള്ളിയിലെ ബോര്‍ഡും ഐക്യപ്പെടുകയാണെന്നും ഇത് നമ്മളെ പോലുള്ള മനുഷ്യരെ പുറത്തുനിര്‍ത്തുകയാണെന്നും ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് പറഞ്ഞു,’ കെ.ഇ.എന്‍ പറഞ്ഞു.
Content highlight: KEN against board in Palod Kavu Kannur restricting Muslims from festival