ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
കോഴിക്കോട്: തക്ബീര്‍ മുഴക്കിയ മലയാളത്തിന്റെ ചെഗുവേരയാണ് ശഹീദ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് രാഷ്ട്രീയ നീരീക്ഷകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. അദ്ദേഹം സ്ഥാപിച്ച പഴയ സ്വതന്ത്ര രാഷ്ട്രത്തിന്റെ പേര് മലയാളരാജ്യമെന്നായിരുന്നു എന്നത് ആത്മബോധമുള്ള മലയാളികള്‍ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.എം.എസിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’യെന്ന കവിത എഴുതപ്പെടുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, സ്വന്തം ജീവിതംകൊണ്ട് മലയാളരാജ്യത്തിന് പ്രാണന്‍ പകുത്ത് നല്‍കിയ ധീരപോരാളിയായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും അദ്ദേഹത്തിന്റെ സ്മരണ വരുംകാലങ്ങളിലും അധിനിവേശ ചങ്ങലകള്‍ പൊട്ടിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
”തക്ബീര്‍ മുഴക്കിയൊരു മലയാള ചെഗുവേര. അദ്ദേഹത്തെക്കുറിച്ച്, സിനിമ നിര്‍മ്മിക്കുന്ന പി ടി യ്ക്കും, ആഷിക്ക് അബുവിനും, ഇബ്രാഹിം വെങ്ങരക്കും, പിന്നെ ‘അങ്ങിനെ ഇങ്ങിനെ എങ്ങിനെ ആ സിനിമയെടുത്താലും’ അലി അക്ബറിനും അഭിവാദ്യങ്ങള്‍,”
ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
തക്ബീര്‍ മുഴക്കിയ മലയാളത്തിന്റെ ധീര ചെഗുവേരയാണ് ശഹീദ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
മാപ്പ് പറഞ്ഞാല്‍ ശിഷ്ടകാലം മക്കയില്‍ സുഖമായി ജീവിക്കാനവസരമൊരുക്കാമെന്ന് പറഞ്ഞ സാമ്രാജ്യാധികാര ശക്തികളുടെ മുമ്പില്‍ നിവര്‍ന്ന് നിന്ന് ‘നിങ്ങള്‍ക്ക് രക്ഷ വേണമെങ്കില്‍ വേഗം ഇംഗ്ലണ്ടിലേക്ക് മണ്ടിക്കോ’ എന്ന് മുഷ്ടി ചുരുട്ടിയ, ഒരു മഹാസമരത്തിന്റെ ജ്വലിക്കുന്ന ‘സൂര്യസാന്നിധ്യ’മാണ് ശഹീദ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സംഭ്രാന്തമാക്കി അദ്ദേഹം സ്ഥാപിച്ച പഴയ സ്വതന്ത്ര രാഷ്ട്രത്തിന്റെ പേര് മലയാളരാജ്യമെന്നായിരുന്നുവെന്നുള്ളത് ആത്മബോധമുള്ള മലയാളികള്‍ മറക്കരുത്.
‘കേരളം മലയാളികളുടെ മാതൃഭൂമി’യെന്ന ഇ എം എസിന്റെ മഹത്തായ ‘ദേശീയ കവിത’ എഴുതപ്പെടുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, സ്വന്തം ജീവിതംകൊണ്ട് നമ്മുടെ മലയാളരാജ്യത്തിന് പ്രാണന്‍ പകുത്ത് നല്‍കിയ ഒരു ധീരപോരാളിയുടെ സ്മരണ വരുംകാലങ്ങളിലും അധിനിവേശ ചങ്ങലകള്‍ പൊട്ടിക്കും.
കാല്‍ പൊള്ളുമെന്നറിഞ്ഞിട്ടും കനലില്‍ നടക്കുന്നവന്‍, ചിറകുകള്‍ കരിയുമെന്നറിഞ്ഞിട്ടും സൂര്യനിലേക്കു പറക്കുന്നവന്‍, പ്രലോഭനങ്ങളുടെ പെരുമഴയില്‍ സ്വയം കുടപിടിക്കാതിരുന്നിട്ടും ഒട്ടുമേ നനയാതിരുന്നവന്‍, മണ്ണെണ്ണയൊഴിച്ച് മൃതദേഹം കത്തി കരിഞ്ഞപ്പോഴും, രക്തസാക്ഷിത്വത്തിന്റെ സുഗന്ധമായ് സ്വയം പടര്‍ന്നവന്‍…., മലയാളത്തിലും ഇംഗ്ലീഷിലും സംസ്‌കൃതത്തിലും അറബിയിലും അവനൊരൊറ്റപേര്. അതാണ് ശഹീദ് വാരിയന്‍ കുന്നന്‍!
തക്ബീര്‍ മുഴക്കിയൊരു മലയാള ചെഗുവേര.
അദ്ദേഹത്തെക്കുറിച്ച്, സിനിമ നിര്‍മ്മിക്കുന്ന പി ടി യ്ക്കും, ആഷിക്ക് അബുവിനും, ഇബ്രാഹിം വെങ്ങരക്കും, പിന്നെ ‘അങ്ങിനെ ഇങ്ങിനെ എങ്ങിനെ ആ സിനിമയെടുത്താലും’ അലി അക്ബറിനും അഭിവാദ്യങ്ങള്‍.
സിനിമ പറന്നാലും പൊളിഞ്ഞാലും ശഹീദ് വാരിയന്‍കുന്നനെന്ന ആ സമരത്തിന്റെ സ്രോതസ്സ് വറ്റുകയില്ല. മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയര്‍ പറഞ്ഞത്‌പോലെ ‘നീതിയുടെ ബേങ്ക് ഒരിക്കലും പൊളിയുകയില്ല.’
അധീശത്വ ശക്തികളുടെ പോളീഷിട്ട ഷൂസുകളില്‍ ജീവിതസാഫല്യം അനുഭവിക്കുന്ന നവഫാസിസ്റ്റുകള്‍ക്ക് ശഹീദ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ ഒരുനാളും മനസ്സിലാക്കാന്‍ സാധിക്കുകയുമില്ല!
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.