കോട്ടയം: ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം.
ആലപ്പുഴ കുടശനാട് സ്വദേശിക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നല്‍കിയത്. കോട്ടയത്തെ ഡയനോവ ലബോറട്ടറിയിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി ആരംഭിച്ചത്.
നെഞ്ചില്‍ തടിപ്പ് കണ്ടതിനെ തുടര്‍ന്നാണ് രജനി കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തുന്നത്. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാമോഗ്രാം നിര്‍ദേശിച്ചു.മുഴയുള്ള ഭാഗത്തെ സാമ്പിളുകള്‍ ശേഖരിച്ച് ആശുപത്രി ലാബിലും ഡയനോവ ലബോറട്ടറിയിലും പരിശോധനക്കും നല്‍കി. ഇതില്‍ ഡയനോവയിലെ ഫലമാണ് ആദ്യം ലഭിച്ചത്. ക്യാന്‍സര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വന്നതോടെ ചികിത്സ ആരംഭിച്ചിരുന്നു.കീമോ ചികിത്സ തുടങ്ങിയതോടെ മുടി കൊഴിഞ്ഞ് ശരീരം കരിവാളിച്ചു. ഒപ്പം നിരവധി പാര്‍ശ്വഫലങ്ങളും ഉണ്ടായി.
പിന്നീട് കോളെജിലെ പതോളജി ലാബിലെ ഫലം വന്നപ്പോള്‍ ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം ആര്‍.സി.സിയിലെ പരിശോധനയിലും ക്യാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞതോടെ മുഴ ശസ്ത്രക്രിയ ചെയ്ത് മാറ്റുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജിലെയും തിരുവനന്തപുരം ആര്‍.സി.സിയിലെയും പരിശോധനയില്‍ ക്യാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞതോടെ നിയമനടപടിക്കൊരുങ്ങുകയാണ് യുവതി. ആശുപത്രിയിലെയും ഡയനോവയിലെയും ചികിത്സ വീഴ്ച്ചകളെ സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.