ജനാധിപത്യത്തിന്റെ കാവലാളായി ജുഡീഷ്യറി തുടരണമെങ്കില്‍ നട്ടെല്ലുള്ള ജുഡീഷ്യറി വേണം: ജസ്റ്റിസ് കെമാല്‍ പാഷ
Kerala Literature Festival
ജനാധിപത്യത്തിന്റെ കാവലാളായി ജുഡീഷ്യറി തുടരണമെങ്കില്‍ നട്ടെല്ലുള്ള ജുഡീഷ്യറി വേണം: ജസ്റ്റിസ് കെമാല്‍ പാഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 2:34 pm

 

കോഴിക്കോട്: ജനാധിപത്യത്തിന്റെ കാവലാളായി ജുഡീഷ്യറി തുടരണമെങ്കില്‍ നട്ടെല്ലുള്ള ജുഡീഷ്യറി വേണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ജനാധിപത്യത്തിന്റെ കാവലാള്‍ എന്നാണ് മുമ്പൊരാള്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ കാവലാളാണ് ജുഡീഷ്യറി. ആ കാവലാളായി ജുഡീഷ്യറി തുടരണമെങ്കില്‍ നട്ടെല്ലുള്ള ജുഡീഷ്യറി വേണം. നമ്മുടെ ഭരണഘടന എന്തുകൊണ്ട് നിലനില്‍ക്കുന്നു. അതിലെ ആര്‍ട്ടിക്കിള്‍ 13. ഭരണഘടനാ വിരുദ്ധമായ അതിന്റെ അടിസ്ഥാന തത്വങ്ങളെ ഹനിക്കുന്ന എന്ത് നിയമങ്ങളുണ്ടായാലും ആ നിയമത്തിന് വിലയില്ലയെന്നു പ്രഖ്യാപിക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 13. ഈ ആര്‍ട്ടിക്കിള്‍ ഉള്ളതുകൊണ്ടാണ് ഭരണഘടന തന്നെ നിലനില്‍ക്കുന്നതെന്നു ഞാന്‍ പറയും. പക്ഷേ ഈ ആര്‍ട്ടിക്കിള്‍ 13ന്റെ പരിധിയില്‍ ഇത് വരുന്നതാണ് എന്ന് പ്രഖ്യാപിക്കുന്നത് ജുഡീഷ്യറിയായിരിക്കണം. അവിടെ ജുഡീഷ്യറി കയ്യും കെട്ടി ഇരുന്നാല്‍ അത് പോയി” അദ്ദേഹം പറയുന്നു.

Also read:കോണ്‍ഗ്രസുമായി കൂട്ടുകൂടിയതിനാലാണ് എസ്.പി പരാജയപ്പെട്ടത്; രാജ്യത്തെവിടേയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് മായാവതി

ഏത് ഭരണഘടനാ ഭേദഗതിയായാലും ആ ബില്ല് കൊണ്ടുവന്നതിനുശേഷം അത് പാസാകുമ്പോള്‍ ഭേദഗതി നിയമമാകും. ഈ നിയമവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13നെ അനുസരിച്ചുള്ള നിയമമാണ്. ഈ നിയമം വിലയിലുള്ളതാണോ അല്ലയോ എന്ന് പ്രഖ്യാപിക്കേണ്ടത് കോടതിയാണ്. അവിടെ കോടതി ഞങ്ങള്‍ക്കത് നോക്കേണ്ട കാര്യമില്ലയെന്ന നിലപാട് എടുത്തു കഴിഞ്ഞാല്‍ ഭരണഘടനപോലും അട്ടിമറിക്കപ്പെടാമെന്നും അദ്ദേഹം പറയുന്നു.

ജുഡീഷ്യല്‍ ആക്ടിവിസം രാജ്യത്ത് അത്യന്താപേക്ഷിതമാണ്. രാജ്യത്ത് എന്തെങ്കിലും നടക്കണമെങ്കില്‍ അവിടെ ജുഡീഷ്യറിയുടെ ഇടപെടല്‍ വേണമെന്നുള്ള നിലയാണ് ഇപ്പോള്‍. കോടതി പറഞ്ഞാല്‍ ഞങ്ങള്‍ അംഗീകരിക്കാം എന്നു പറയും. പക്ഷേ ഇപ്പോള്‍ വന്ന് വന്ന് കോടതി പറഞ്ഞാലും അംഗീകരിക്കില്ലയെന്നു പറയുമ്പോള്‍ ജുഡീഷ്യല്‍ ആക്ടിവിസത്തിന് എന്താണ് പ്രസക്തിയെന്നും അദ്ദേഹം ചോദിക്കുന്നു.