പാലക്കാട്: ആചാര സംരക്ഷണത്തിന്റെ പേരില്‍ എന്‍.ഡി.എ നടത്തുന്ന വിശ്വാസ സംരക്ഷണ രഥയാത്രയും യു.ഡി.എഫിന്റെ ജാഥയും സുപ്രീംകോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.
ആചാരങ്ങളെ രക്ഷിക്കാനാണ് രഥയാത്ര നടത്തുന്നത് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഇങ്ങനെ ആചാരങ്ങളൊന്നുമില്ലെന്നും ആചാരങ്ങള്‍ ശരിയല്ലെന്നും ജാഥ നടത്തുന്നവര്‍ക്ക് അറിയാം. എങ്കിലും വിശ്വാസത്തിനെതിരെ സുപ്രീകോടതി എന്തോ പറഞ്ഞുവെന്നും പ്രചരിപ്പിച്ചാണ് ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനം തന്നെയാണ്- കെമാല്‍ പാഷ പറഞ്ഞു.
ആരുടെ ആചാരങ്ങളെയാണ് ഇവര്‍ സംരക്ഷിക്കാന്‍ പോകുന്നതെന്നും ആരുടെ വിശ്വാസത്തെയാണ് ഇവര്‍ രക്ഷിക്കുന്നതെന്നും കെമാല്‍ പാഷ ചോദിച്ചു. എം വി രാഘവന്‍ അനുസ്മരണ പരപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കെമാല്‍ പാഷ
അതേസമയം, ശബരിമലയെ തകര്‍ക്കാന്‍ പിണറായി വിജയന്റെ പൊലീസും ഭരണകൂട ഭീകരതയും ആസൂത്രിതവും സംഘടിതവുമായ രൂപത്തില്‍ മുന്നേറുകയാണെന്ന് ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ രഥയാത്രക്കിടെ പറഞ്ഞു.
“ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയും വിശ്വാസത്തെ വെല്ലുവിളിക്കുകയുമാണ് പിണറായി വിജയന്റെ പൊലീസും ഭരണകൂട ഭീകരതയും. ഒരുകാലത്ത് ടിപ്പു സുല്‍ത്താന്‍ രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോള്‍ വിശ്വാസികള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കള്‍ക്ക് ടിപ്പു എന്നു പേരിട്ടിരുന്നു. അധികകാലം കഴിയുന്നതിനു മുമ്പ് കേരളത്തിലെ വീടുകളില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് കേരളത്തിലെ മുഖ്യമന്ത്രിയുടെ പേരിട്ടാല്‍ അതിനു ഞങ്ങളാരും ഉത്തരവാദിയായിരിക്കില്ല.”
ശ്രീധരന്‍പിള്ളയ്ക്കോ തുഷാര്‍ വെള്ളാപ്പള്ളിക്കോ എതിരെ നീങ്ങിയാല്‍ ഇവിടുത്തെ അയ്യപ്പഭക്തര്‍ നോക്കിയിരിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ എത്തിയപ്പോള്‍ രഥയാത്രയെ തകര്‍ക്കാനുള്ള ശ്രമം നടക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്നലെ രഥയാത്രക്ക് നേരെയുണ്ടായ ആക്രമണങ്ങളും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെയുള്ള ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് എടുക്കാനുള്ള നടപടിയും.
അവര്‍ക്കെതിരായി പിണറായി വിജയന്‍ ഒരു പിടി മണ്ണ് വാരിയിട്ടാല്‍ കോടാനുകോടി അയ്യപ്പഭക്തന്‍മാര്‍ ശരണം വിളികളുമായി മുന്നോട്ട് വരുമെന്ന് രാധാകൃഷണന്‍ പറഞ്ഞു. രഥയാത്രയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് മാടമ്പികള്‍ ശ്രമിക്കുകയാണെന്നും രഥയാത്രക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തെ സമാധാനം തകര്‍ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.