കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ എത്രയോ ഇരട്ടി അഴിമതി ഇപ്പോഴത്തെ സര്‍ക്കാരില്‍ നടക്കുന്നുണ്ടെന്നും ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് അവയെല്ലാമെന്നും ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
യു.ഡി.എഫ് സര്‍ക്കാരിലെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അഴിമതിക്കാരനാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അത്ര കഴമ്പുള്ള ആരോപണങ്ങളൊന്നുമായിരുന്നില്ല അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നതെന്നും കെമാല്‍പാഷ പറഞ്ഞു.
‘ഈ സര്‍ക്കാരിനെതിരെ ഒരുപാട് അഴിമതിയാരോപണങ്ങള്‍ വന്നു. പ്രതിപക്ഷവും മാധ്യമങ്ങളുമാണ് ഇത് ഉയര്‍ത്തിക്കൊണ്ടുവന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. ഇവിടെ സംശുദ്ധമായ ഭരണം ഏതെങ്കിലും വിധത്തില്‍ ശരിയായി കിട്ടുക എന്നത് ഓരോ പൗരന്റേയും അവകാശമാണ്. അതുകൊണ്ട് തന്നെ എന്നെക്കൊണ്ട് പറ്റുമെങ്കില്‍ അത് ശരിയാക്കാം എന്ന ധാരണയിലാണ് രാഷ്ട്രീയത്തിലേക്ക് വരാന്‍ തീരുമാനിച്ചത്.
അതിന് ഇവരുടെ കൂടെ കൂടുന്നതുകൊണ്ട് അര്‍ത്ഥമില്ല. മാത്രമല്ല ഒരു കാരണവശാലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നെ അംഗീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം ഞാന്‍ ഒരുപാട് അഭിപ്രായങ്ങള്‍ ഇവര്‍ക്കെതിരെ പറഞ്ഞിട്ടുണ്ട്. ഒരുപാട് നാളുകളായിട്ട് ഗവര്‍മെന്റിനെതിരെ ധാരാളമായി പറയുകയും പല കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ അവരുടെ കണ്ണിലെ കരടായി ഞാന്‍ മാറുമെന്നതില്‍ സംശയമൊന്നുമില്ല’, കെമാല്‍പാഷ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിലെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വലിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നല്ലോ എന്നും അപ്പോള്‍ അവരെ പിന്തുണയ്ക്കുന്നതിലും ഒരു പ്രശ്‌നമില്ലേ എന്ന ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കെതിരെയൊക്കെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ടെന്നും എന്നാല്‍ അത് അത്ര കഴമ്പുള്ള കാര്യങ്ങളൊന്നുമായിരുന്നില്ല എന്നുമായിരുന്നു കെമാല്‍പാഷയുടെ മറുപടി.
ഉമ്മന്‍ ചാണ്ടി ഒരിക്കലും ഒരു കറപ്റ്റ് ആയിട്ടുള്ള മനുഷ്യനായിട്ട് ഞാന്‍ കണ്ടിട്ടില്ല. എനിക്ക് അങ്ങനെ മനസിലായിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലുണ്ടായിരുന്ന ഒരു മന്ത്രി ജയിലിലായത് അദ്ദേഹത്തിന്റെ പ്രവൃത്തിയിലുണ്ടായ കാര്യംകൊണ്ടായിരിക്കാം. അത് കഴിഞ്ഞുപോയ ഒരു അധ്യായമാണ്. ഇനി അവരൊന്നും നന്നാവില്ലെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഒരാളുടെ പേരില്‍ അങ്ങനെ ഒരു അഴിമതി ആരോപണം വന്നു. അതിന്റെയൊക്കെ എത്രയോ ഇരട്ടി വലിപ്പത്തിലുള്ള അഴിമതി ആരോണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
അഭ്യസ്തവിദ്യരായ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച ചെറുപ്പക്കാര്‍ ഈ നാട്ടില്‍ തൊഴിലൊന്നുമില്ലാതെ ഇരിക്കുന്ന സമയത്ത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് അടക്കമുള്ള സ്ഥാപനങ്ങള്‍ വഴി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുകയാണെന്നും ലക്ഷക്കണക്കിന് രൂപ ശമ്പളത്തിലാണ് ഇത്തരം നിയമനങ്ങളെന്നും കെമാല്‍ പാഷ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക