| Sunday, 23rd April 2023, 4:58 pm

'ക്യാമറക്കല്ല, സിസ്റ്റത്തിനാണ് വില'; എ.ഐ ക്യാമറ സ്ഥാപിക്കുന്നതില്‍ അഴിമതി നടന്നെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി കെല്‍ട്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം എ.ഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ വിശദീകരണവുമായ കെല്‍ട്രോണ്‍ രംഗത്ത്. പദ്ധതിയെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തി പറഞ്ഞു.

ഒരു ക്യാമറക്ക് 35 ലക്ഷമെന്നത് തെറ്റായ ആരോപണമാണെന്നും മുഴുവന്‍ സെക്യൂരിറ്റി സംവിധാനത്തിന്റെയും പരിപാലനമടക്കമുള്ള തുകയാണ് 232 കോടിയെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ കിട്ടിയതുകൊണ്ട മാത്രം എല്ലാം കെല്‍ട്രോണ്‍ തന്നെ ചെയ്യണമെന്നില്ലെന്നും പദ്ധതിയില്‍ ഉപകരാര്‍ നല്‍കിയ നടപടിയില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ചെയര്‍മാന്റെ വിശദീകരണം.

‘എ.ഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയില്‍ മുഴുവന്‍ സംവിധാനത്തിന്റെയും തുകയാണ് 232 കോടിയായി നിജപ്പെടുത്തിയിരിക്കുന്നത്. ക്യമറക്കല്ല, പകരം സിസ്റ്റത്തിനാണ് വില നിശ്ചയിക്കുന്നത്.

9.5 ലക്ഷം രൂപയാണ് ഒരു ക്യാമറ സ്ഥാപിക്കാനുള്ള ചെലവായി കണക്കാക്കിയിട്ടുള്ളത്. ക്യാമറയും അത് പ്രവര്‍ത്തിപ്പിക്കാനുള്ള പ്രോസസര്‍ കാര്‍ഡും, സോളാര്‍ പാനലും, ബാറ്ററിയും, സ്ഥാപിക്കുന്ന ചെലവും എല്ലാം കൂട്ടിയാണ് തുക കണക്കാക്കുന്നത്,’ നാരായണ മൂര്‍ത്തി പറഞ്ഞു.

ഞായാറാഴ്ച വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി രമേഷ് ചെന്നിത്തല രംഗത്തെത്തിയത്. എ.ഐ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതി കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള കൊള്ളയെന്നാണ് ചെന്നിത്തല പറഞ്ഞത്. 151 കോടി രൂപക്ക് കെല്‍ട്രോണിന് നല്‍കിയ പദ്ധതി 232 കോടിക്ക് ഉപകരാര്‍ നല്‍കിയത് എന്തിനായിരുന്നെന്നും അദ്ദേഹം ചോദിച്ചിരുന്നു.

കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ പദ്ധതിയുടെ ഉപകരാര്‍ ബെംഗളൂരു ആസ്ഥാനമായ എസ്.ആര്‍.ഐ.ടി എന്ന കമ്പനിക്ക് നല്‍കിയെന്നും അവര്‍ വീണ്ടും രണ്ട് കമ്പനികളെ കൂടെ പദ്ധതിയുടെ ഭാഗമാക്കിയത് എത് മാനദണ്ഡ പ്രകാരമാണെന്നും ചെന്നിത്തല ചോദിച്ചിരുന്നു. കരാര്‍ നേടിയ കമ്പനികള്‍ക്കൊന്നും തന്നെ പദ്ധതിയുമായി മുന്‍ പരിചയമില്ലെന്നും തട്ടിക്കൂട്ട് കമ്പനികളുമായി സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നും മുന്‍ പ്രതിപക്ഷ നേതാവു കൂടിയായ ചെന്നിത്തലയുടെ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഒരു ക്യാമറക്ക് മാത്രം 35 ലക്ഷം രൂപ വില വരുന്നുണ്ടെന്ന പ്രചരണവും വ്യാപകമായത്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

726 ക്യാമറകള്‍ക്ക് 236 കോടി രൂപ കണക്കാക്കിയാല്‍ ഒരു ക്യാമറക്ക് ശരാശരി 33 ലക്ഷം രൂപ വില വരുമെന്നാണ് വി.ടി ബല്‍റാം പറഞ്ഞത്. പദ്ധതിയിലൂടെ സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ബല്‍റാം പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlight: keltron response on ramesh chennithala

We use cookies to give you the best possible experience. Learn more