| Wednesday, 31st October 2012, 4:38 pm

കെജ്‌രിവാളിന്റെ മൂന്നാമത്തെ വെളിപ്പെടുത്തല്‍; ഇത്തവണ കുടുങ്ങിയത് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെയും ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടേയും അഴിമതി രഹസ്യങ്ങള്‍ക്ക് ശേഷം കെജ്‌രിവാള്‍ തന്റെ അടുത്ത വെളിപ്പെടുത്തലുമായി രംഗത്തെത്തി. ഇന്ന് വൈകുന്നേരം മറ്റൊരു വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.[]

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയാണ് ഇത്തവണ കെജ് രിവാള്‍ ആരോപണമുന്നയിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഗ്രൂപ്പ് മേധാവിയുമായ മുകേഷ് അംബാനിയെ പ്രധാനമന്ത്രി കൈയ്യഴിഞ്ഞ് സഹായിച്ചു എന്നാണ് കെജ്‌രിവാളിന്റെ ആരോപണം.

രാജ്യത്തെ പാചകവാതവില വര്‍ധിച്ചതോടെ ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഗ്രൂപ്പാണെന്നും ഇതിലൂടെ റിലയന്‍സിന് 43000 കോടി രൂപയുടെ ലാഭമാണ് ഉണ്ടായതെന്നും കെജ്‌രിവാള്‍ പറയുന്നു.

റിലയന്‍സ് സര്‍ക്കാറിനെ ഭീഷണിപ്പെടുത്തി പണം സമ്പാദിക്കുന്നതായും കെജ്‌രിവാള്‍ ആരോപിക്കുന്നു. മന്ത്രി സഭാ പുന:സംഘടനയുടെ പേരില്‍ ജയ്പാല്‍ റെഡ്ഡിയില്‍ നിന്നും പെട്രോളിയം വകുപ്പ് വീരപ്പ മൊയ്‌ലിക്ക് നല്‍കിയത് റിലയന്‍സിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയതാണെന്നും കെജ്‌രിവാള്‍ പറയുന്നു.

2000 ല്‍ എന്‍.ഡി.എ ഭരണകാലത്തും മുകേഷ് അംബാനിക്കും റിലയന്‍സിനും അനുകൂലമായ രീതിയിലാണ് സര്‍ക്കാര്‍ നിലകൊണ്ടതെന്നും ബി.ജെ.പിയും കോണ്‍ഗ്രസും റിലയന്‍സിന്റെ പിണിയാളാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more