| Friday, 22nd March 2024, 12:55 pm

ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ച് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ച് അരവിന്ദ് കെജ്‌രിവാള്‍. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി ആണ് വിവരം അറിയിച്ചത്.

കെജ്‌രിവാളിനെ ഇന്ന് ഇ.ഡി ദല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഹരജി പിന്‍വലിക്കാനുള്ള തീരുമാനം. ഇ.ഡി അദ്ദേഹത്തെ വിചാരണ കോടതിയില്‍ ഹാജരാക്കിയാല്‍ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുമെന്ന സാഹചര്യത്തില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാത്തതിനാലാണ് നടപടിയെന്ന് അഭിഭാഷകന്‍ അറിയിച്ചു.

കെജ്‌രിവാളിന്റെ ഹരജി പരിഗണിക്കാമെന്ന് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ബി.ആര്‍.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളിയതും ഇതേ ബെഞ്ചായിരുന്നു. ഇതേ സാഹചര്യത്തിലാണ് ഹരജി പിന്‍വലിക്കാനുള്ള കെജ്‌രിവാളിന്റെ തീരുമാനം.

ഇനി വിചാരണ കോടതി എന്ത് തീരുമാനമാണ് എടുക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും എ.എ.പിയുടെ തുടര്‍നടപടി. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കെജ്‌രിവാളിനെ വിചാരണ കോടതിയില്‍ ഹാജരാക്കുമെന്നാണ് ഇ.ഡി അറിയിച്ചത്.

അദ്ദേഹത്തെ പത്ത് ദിവസം റിമാന്‍ഡ് ചെയ്യണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും ഇ.ഡി വ്യക്തമാക്കി. വ്യാഴാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് എ.എ.പി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ ഹരജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അതിനിടെ, കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ എ.എ.പി മന്ത്രിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Content Highlight: Kejriwal withdraws petition filed in Supreme Court questioning ED arrest

We use cookies to give you the best possible experience. Learn more