സമയമായാല്‍ എല്ലാം കെജ്‌രിവാള്‍ പറയും; കേന്ദ്ര സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി പേരാടും: നിതീഷ് കുമാര്‍
national news
സമയമായാല്‍ എല്ലാം കെജ്‌രിവാള്‍ പറയും; കേന്ദ്ര സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി പേരാടും: നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th April 2023, 5:59 pm

പട്‌ന: ദല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാന്‍ ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ വിളിപ്പിച്ചതിലുള്ള മറുപടി അദ്ദേഹം തരുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അദ്ദേഹം എല്ലാത്തിനുമുള്ള ഉത്തരം തക്ക സമയത്ത് തരുമെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അരവിന്ദ് കെജ്‌രിവാളിനെതിരെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ആദരണീയനായ വ്യക്തിയാണ്. അദ്ദേഹം ദല്‍ഹിക്ക് വേണ്ടി ഒരുപാട് വികസനങ്ങള്‍ നടത്തിയിട്ടുണ്ട്. അനുയോജ്യമായ സമയത്ത് അദ്ദേഹം ഇതിനൊക്കെ മറുപടി പറയും.

ഇതൊക്കെ കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഞങ്ങള്‍ രാജ്യത്തെ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നത്. എല്ലാ ശ്രമങ്ങളും നടത്തി ഒറ്റക്കെട്ടായി ഞങ്ങള്‍ പ്രവര്‍ത്തിക്കും,’ നിതീഷ് കുമാര്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ ഹാജരാകാനാണ് അരവിന്ദ് കെജ്‌രിവാളിനോട് സി.ബി.ഐ ആവശ്യപ്പെട്ടത്.

അതേസമയം ദല്‍ഹി മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചിട്ടുണ്ട്.

കോടതിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ബോധിപ്പിച്ചതിനും വ്യാജ തെളിവുകള്‍ ഹാജരാക്കിയതിനുമാണ് നിയമനടപടിക്കൊരുങ്ങുന്നത്.

ജയിലില്‍ കഴിയുന്ന ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

content highlight: Kejriwal will tell everything when the time comes; Will stand united against central government: Nitish Kumar