| Thursday, 25th May 2023, 8:15 pm

ഓര്‍ഡിനന്‍സ് വിഷയം; രാഹുലും ഖാര്‍ഗെയുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ അഞ്ച് പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കാണാനൊരുങ്ങി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നടപടിക്കെതിരെ കൂടുതല്‍ പാര്‍ട്ടികളുടെ ഉറപ്പ് വരുത്തുകയാണ് കെജ്‌രിവാള്‍.

കഴിഞ്ഞ ആഴ്ചയില്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ നിതീഷ് കുമാര്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ശിവസേന മേധാവി ഉദ്ധവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അഞ്ച് നേതാക്കളും കെജ്‌രിവാളിനെ പിന്തുണ അറിയിച്ചിരുന്നു. ദല്‍ഹിയിലേക്ക് തിരികെ പോകുന്നതിനിടെ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാനായി അനുമതി തേടിയിട്ടുണ്ടെന്നും അവരുമായി തീര്‍ച്ചയായും കൂടിക്കാഴ്ച നടത്തുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘ മറ്റു പാര്‍ട്ടികളിലെയും സര്‍ക്കാരിനെതിരെ ബി.ജെ.പി പ്രവര്‍ത്തിക്കുന്നു. എം.എല്‍.എമാരെ വിലക്ക് വാങ്ങി സര്‍ക്കാരിനെ താഴെയിറക്കുകയും ബി.ജെ.പി സര്‍ക്കാരിനെ ഉണ്ടാക്കുകയും ചെയ്യുന്നു. ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബി.ജെ.പിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നു. ഓര്‍ഡിനന്‍സ് ഉപയോഗിച്ച് മറ്റു പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്തുകയും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന ഗവര്‍ണര്‍മാരെ നിയമിക്കുകയും ചെയ്യുന്നു’ പവാറും താക്കറെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഇത് പ്രതിപക്ഷത്തിന്റെ മാത്രം കാര്യമല്ല. ഇത് രാജ്യത്തിന്റെ കാര്യമാണ് അദ്ദേഹം പറഞ്ഞു.

അതേസമയം, ഭരണഘടനയും പാര്‍ലമെന്ററി ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കെജ്‌രിവാളിനെ പിന്തുണച്ചുകൊണ്ട് പവാര്‍ പറഞ്ഞു. ‘ഇന്ത്യയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നം ദല്‍ഹിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. എന്‍.സി.പിയും മഹാരാഷ്ട്രയിലെ ജനങ്ങളും കെജ്‌രിവാളിനെ പിന്തുണക്കും. മറ്റു പാര്‍ട്ടി നേതാക്കളോടും അദ്ദേഹത്തെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്,’ ശരദ് പവാര്‍ പറഞ്ഞു.

CONTENTHIGHLIGHT: Kejriwal will meet mallikarjun kharge and rahul gandhi

We use cookies to give you the best possible experience. Learn more