ന്യൂദല്‍ഹി: ദല്‍ഹി ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് രംഗത്തെത്തിയ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് നന്ദിയറിയിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഈ കേന്ദ്ര ഓര്‍ഡിനന്‍സ് രാജ്യവിരുദ്ധവും ദേശവിരുദ്ധവുമാണെന്നും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ദല്‍ഹി ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ച് എ.എന്‍.ഐയോട് സംസാരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും തിരിച്ചടി നേരിടുമ്പോള്‍ അവയെ സംരക്ഷിക്കാനായി ഒത്തൊരുമിച്ച് പോരാടേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.
‘ദല്‍ഹി ഓര്‍ഡിനന്‍സ് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല. പേടിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സമ്മര്‍ദം ചെലുത്തുന്നതും വേട്ടയാടുന്നതുമെല്ലാം ബി.ജെ.പിയുടെ ശീലമാണ്. അതിനെയൊന്നും ഞങ്ങള്‍ ഇപ്പോള്‍ ഭയപ്പെടുന്നില്ല. ഒരു വ്യക്തിയും രാജ്യത്തേക്കാള്‍ വലുതല്ല.
ബി.ജെ.പി വലിയ പാര്‍ട്ടിയാണെന്നാണ് അവകാശപ്പെടുന്നത്. പിന്നെന്തിനാണ് മറ്റു ചെറു പാര്‍ട്ടികളെ തകര്‍ക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ നിങ്ങള്‍ റാഞ്ചിക്കൊണ്ട് പോകുന്നു.
നിങ്ങള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരെ അഴിമതിക്കാരെന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ അവര്‍ നിങ്ങളുടെ വാഷിങ് മെഷീനിലെത്തുമ്പോള്‍ ശുദ്ധന്മാരാകുന്നത് എങ്ങനെയാണ്. കറുത്ത പുതപ്പ് വിരിച്ച് വെള്ളയെ അടിച്ചുമാറ്റുന്നതില്‍ നിങ്ങള്‍ പണ്ടേ പ്രശസ്തരാണ്,’ ഖാര്‍ഗെ വിമര്‍ശിച്ചു.
അതേസമയം, അധികാരങ്ങള്‍ ചുരുക്കുന്ന ദല്‍ഹി ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് ദല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന് ഭരണഘടനാ ബെഞ്ചിന് കൈമാറാന്‍ തീരുമാനിച്ചു. ഇതോടെ ഈ ഹരജി ജൂലൈ 20ന് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.