സമരം തുടര്‍ന്ന് കെജ്‌രിവാളും സംഘവും; രാജ് നിവാസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആം ആദ്മി
National
സമരം തുടര്‍ന്ന് കെജ്‌രിവാളും സംഘവും; രാജ് നിവാസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആം ആദ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th June 2018, 8:29 am

ന്യൂദല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ്ണ രണ്ടാം ദിവസത്തിലേക്ക്. ദല്‍ഹി സര്‍ക്കാരിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ആരംഭിച്ച കുത്തിയിരിപ്പ് സമരമാണ് രണ്ട് രാത്രി പിന്നിട്ട് തുടരുന്നത്.

കെജ്‌രിവാളിനൊപ്പം മൂന്ന് മന്ത്രിമാരും ധര്‍ണ്ണയിരിക്കുന്നുണ്ട്. അതേസമയം നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്ന് രാജ് നിവാസിലേക്ക് മാര്‍ച്ച് നടത്തും.

ലഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന്റെ സന്ദര്‍ശക മുറിയിലാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സമരം.

ALSO READ: കഫീല്‍ ഖാന്റെ സഹോദരന്റെ നില ഗുരുതരമായി തുടരുന്നു; വിദഗ്ധ ചികിത്സയ്ക്കായി കാഷിഫിനെ ലക്‌നൗവിലേക്ക് മാറ്റി

ഞങ്ങള്‍ ദല്‍ഹിയെ സ്നേഹിക്കുന്നു, ഞങ്ങള്‍ക്ക് ദല്‍ഹിയെ കുറിച്ച് കരുതലുണ്ട്. ദല്‍ഹിക്ക് വേണ്ടി ഞങ്ങള്‍ ചെയ്യുന്നതെല്ലാം തടസപ്പെടുന്നത് ഞങ്ങളെ ഉലയ്ക്കുന്നു. ദല്‍ഹിയെ ഒരുമിച്ച് മുന്നോട്ടു നയിക്കാം എന്നാണ് സമരം തുടരുന്നതിനിടെ കെജ് രിവാള്‍ ട്വീറ്റ് ചെയ്തത്.

കെജ്‌രിവാളിനൊപ്പം സമരത്തില്‍ പങ്കെടുക്കുന്ന ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ന്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

പാവപ്പെട്ടവര്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിക്ക് ഉദ്യോഗസ്ഥവൃന്ദം എതിര് നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‌രിവാളും മന്ത്രിമാരും സമരം ആരംഭിച്ചത്. ഡല്‍ഹി ചീഫ് സെക്രട്ടറിയായ അന്‍ഷു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നാല് മാസമായി ചുമതലകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

WATCH THIS VIDEO: