ന്യൂദല്‍ഹി: നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയെ പരിഹസിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ബി.ജെ.പിക്കെതിരായ, മോദി സര്‍ക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഇത് മോദിക്കെതിരായ ജനവിധിയാണ്. ബി.ജെ.പിയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള മറുപടിയാണ് ഇതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ബി.ജെ.പി കൈയടക്കിവെച്ചിരുന്ന കൈരാന മണ്ഡലത്തിലും ഉത്തരാഖണ്ഡിലുമെല്ലാം കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.
തുടക്കത്തില്‍ നാലു മണ്ഡലങ്ങളിലും ലീഡു നേടിയ ബി.ജെ.പിയെ ഞെട്ടിച്ച് ഉത്തര്‍പ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ ഭണ്ഡാരഗോണ്ഡിയ മണ്ഡലങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ മുന്നിലെത്തിയിരുന്നു.
കൈരാനയില്‍ സമാജ്‌വാദി പാര്‍ട്ടി രാഷ്ട്രീയ ലോക്ദള്‍ സംയുക്ത സ്ഥാനാര്‍ഥി തബസും ഹസന്റെ ലീഡ് 70000 ത്തോട് അടുത്തു. ഭണ്ഡാരഗോണ്ഡിയയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിച്ച എന്‍.സി.പി സ്ഥാനാര്‍ഥിയും ബി.ജെ.പിയെ മറികടന്ന് മുന്നിലെത്തി.
നാഗാലാന്‍ഡില്‍ ബി.ജെ.പി പിന്തുണയുള്ള എന്‍.ഡി.പി.പി സ്ഥാനാര്‍ഥി മുന്നിലാണ്, കോണ്‍ഗ്രസ് പിന്തുണയുള്ള എന്‍.പി.എഫ് സ്ഥാനാത്ഥിയാണ് ഇവിടെ പിന്നില്‍ അതേസമയം, മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് മുന്നിലെങ്കിലും തൊട്ടുപിറകെ ശിവസേന കടുത്തമത്സരം കാഴ്ചവെക്കുന്നുണ്ട്.