ന്യൂദല്‍ഹി: ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ ദേശീയ തലസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2047 ന് ശേഷം ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് ദല്‍ഹിയെ കൊണ്ടുപോകേണ്ടതുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഒളിംപ്കിസില്‍ നേട്ടം കൈവരിച്ച താരങ്ങളെ അഭിനന്ദിച്ച കെജ്‌രിവാള്‍ ഇനി വരുന്ന ഒളിംപികിസില്‍ 70 മെഡല്‍ നേടാനുള്ള തയ്യാറെടുപ്പ് നടത്തണമെന്നും പറഞ്ഞു.
ദല്‍ഹിയില്‍ ഒരു സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി തുടങ്ങുമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉപകാരപ്പെടുത്താവുന്ന തരത്തിലുള്ളതായിരിക്കും അതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഈ വര്‍ഷത്തിന്റെ തുടക്കത്തിലും, 2048 ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ദല്‍ഹി സര്‍ക്കാരിന്റെ സ്വപ്നമാണെന്ന് കെജ്‌രിവാള്‍ സൂചിപ്പിച്ചിരുന്നു.
ഒളിംപിക്‌സില്‍ ഇന്ത്യ ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു സ്വര്‍ണവും, രണ്ട് വെള്ളിയും, നാല് വെങ്കലവും അടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. 2012 ല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യ നേടിയിരുന്നത് ആറ് മെഡലുകളായിരുന്നു.