ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍വി രുചിക്കുമെന്ന് ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേയെ ഉദ്ധരിച്ചുകൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന.
സര്‍വേയില്‍ പങ്കെടുത്ത 56 ശതാനം ആളുകളും ബി.ജെ.പി തോല്‍ക്കുമെന്ന് പ്രവചിക്കുന്നുണ്ടെന്നും പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയവത്ക്കരിച്ചത് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടിയായെന്നുമാണ് സര്‍വേയില്‍ വ്യക്തമാകുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും ഇടയിലുള്ള പ്രശ്‌നം ബി.ജെ.പി കൈകാര്യം ചെയ്ത രീതി അവര്‍ക്ക് തിരിച്ചടിയായി. ജനങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇത് കാരണമായെന്നും കെജ്‌രിവാള്‍ പറഞ്ഞു.
എന്നാല്‍ കെജ്‌രിവാളിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. രാജ്യത്തെ ജവാന്‍മാര്‍ നടത്തിയ ധീരമായ പോരാട്ടത്തെ കെജ്‌രിവാള്‍ അളന്ന് നോക്കി ലാഭവും നഷ്ടവും പറയുകയാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
സിനിമാ നടനല്ല, സഖാവാണ്; അരിവാള്‍ ചുറ്റിക കിട്ടിയതില്‍ അഭിമാനമെന്നും ഇന്നസെന്റ്
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലുള്ള 7 സീറ്റുകളും ആം ആദ്മി പാര്‍ട്ടി തന്നെ നേടുമെന്ന് കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനായി ഏറെ നാളുകളായി എ.എ.പി. ശ്രമിക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇതിനെ പിന്തുണച്ച കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കെജ്‌രിവാളിന്റെ പ്രസ്താവന.
“സഖ്യത്തിന് കോണ്‍ഗ്രസ് ഇല്ല എന്ന കാര്യമാണ് മാധ്യമങ്ങളിലൂടെ ഞങ്ങള്‍ അറിഞ്ഞത്. ദല്‍ഹിയിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിത്തും ഇതേ കാര്യം തന്നെ പറഞ്ഞു. ഞങ്ങള്‍ നടത്തിയ സര്‍വേ പ്രകാരം ആം ആദ്മി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളും നേടും. ഇതിനു ഞങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ സഹായം ആവശ്യമില്ല.” അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപത്യ ഫെഡറല്‍ വിരുദ്ധ സര്‍ക്കാരിനെ പിഴുതെറിയുവാനുള്ള സമയമായെന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
“നമ്മുടെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയായ ജനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപത്യ ഫെഡറല്‍ വിരുദ്ധ സര്‍ക്കാരിനെ പുറത്താക്കാന്‍ സമയമായി. നോട്ടുനിരോധനം, തൊഴിലില്ലാഴ്മ, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം ആവശ്യപ്പെടാനുള്ള സമയമാണ് വന്നിരിക്കുന്നത്”; എന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.