ന്യൂദല്‍ഹി: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചരണ പരിപാടികള്‍ ശക്തമാക്കി ആം ആദ്മി പാര്‍ട്ടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുമെന്നും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുമുണ്ടെന്നും അദ്ദേഹം പറയുന്നു.
വ്യക്തമായ ഭൂരിപക്ഷത്തോടെ എ.എ.പി അധികാരത്തിലെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ബി.ജെ.പിയിലും കോണ്‍ഗ്രസിലും ആശങ്ക ശക്തമായെന്നും ഇരു പാര്‍ട്ടികളും യോഗങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയാണ് റിപ്പോര്‍ട്ടിനെ കൂടുതല്‍ ഭയപ്പെടുന്നത്.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ബി.ജെ.പി ശ്രമം. കോണ്‍ഗ്രസ് ശക്തിപ്പെട്ടാല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ വിഘടിക്കുമെന്നും കെജ് രിവാള്‍ പറഞ്ഞു.
എ.എ.പിയില്‍ നിന്ന് പരമാവധി വോട്ടുകള്‍ നേടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇത് ബി.ജെ.പിയെ സഹായിക്കാനാണ്. ഗുജറാത്തിലെ ജനങ്ങളോട് ജാഗ്രതയോടെയിരിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി കെജ്‌രിവാള്‍ ഗുജറാത്തില്‍ ദ്വിദിന റാലി നടത്തുന്നുണ്ട്. ഇതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ദല്‍ഹിയില്‍ ആപ്പ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ നവീകരിച്ചെന്നും നിരവധി വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി.ജെ.പി സംസ്ഥാനത്തെ സ്‌കൂളുകള്‍ അടക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ നിര്‍മിക്കുമെന്നും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നര്‍മദ നദിയിലെ ജലം എല്ലാ വീടുകളിലേക്കും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം മോദി പ്രസംഗം തുടങ്ങിയതോടെ ആളുകള്‍ എഴുന്നേറ്റുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് മാറ്റത്തിന്റെ തുടക്കമാണെന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും അഭിപ്രായപ്പെട്ടത്.
Content Highlight: Kejriwal says aam aadmi will win the gujarat polls based on IB reports