ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനം രണ്ട് മാസത്തിനകം അവസാനിക്കുമെന്നും അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.
നരേന്ദ്ര മോദി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും പ്രമുഖനായ ഹിന്ദുത്വ മുഖമാണ് കവിയുടുത്ത രാഷ്ട്രീയക്കാരന്‍ കൂടിയായ യോഗി ആദിത്യനാഥ്. ബി.ജെ.പി ആദ്യം ഇല്ലാതാക്കുന്നത് യോഗിയെ ആയിരിക്കുമെന്നും ദല്‍ഹി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ നേതാക്കളെയും മോദി ജയിലിലേക്ക് അയക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. എന്‍.ഡി.എ ഭരണം തുടരുകയാണെങ്കില്‍ എ.എ.പി മന്ത്രിമാര്‍, ഹേമന്ത് സോറന്‍, തൃണമൂല്‍ മന്ത്രിമാര്‍ എന്നിവര്‍ക്ക് പുറമെ
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ജയിലിലാകുമെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
മോദി ഇനി പ്രധാനമന്ത്രി ആകാന്‍ സാധ്യതയില്ലെന്നും 75 വയസായില്ലേയെന്നും കെജ്‌രിവാൾ ചോദിച്ചു. ബി.ജെ.പി ഭൂരിപക്ഷം സീറ്റുകള്‍ നേടുകയാന്നെങ്കില്‍ അമിത് ഷാ ആയിരിക്കും പ്രധാനമന്ത്രി ആകുക എന്നും അത് മോദിയെ ചൊടിപ്പിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. മോദി വോട്ട് തേടുന്നത് അമിത് ഷായെ പ്രധാനമന്ത്രി ആക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ നാലിന് ശേഷം രാജ്യത്ത് മോദി സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
ദല്‍ഹിയിലെ എ.എ.പി ആസ്ഥാനത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഒരു ശ്രമവും പ്രധാനമന്ത്രി പാഴാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Kejriwal said that Modi will end Yogi Adityanath’s chief ministership within two months