| Sunday, 15th September 2024, 3:48 pm

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനം; നാടകമെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെ വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസും ബി.ജെ.പിയും. രാജിപ്രഖ്യാപനം കെജ്‌രിവാളിന്റെ രാഷ്ട്രീയ നാടകമാണെന്നാണ് ഇരുപാര്‍ട്ടികളും ഒരു പോലെ വിമര്‍ശിച്ചത്.

കെജ്‌രിവാളിന്റെ രാജി രാഷ്ട്രീയ ഗിമ്മിക്കാണെന്ന് ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സന്ദീപ് ദീക്ഷിത് പറഞ്ഞു. കെജ്‌രിവാള്‍ വീണ്ടും മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം നേരത്തെ തന്നെ രാജിവെക്കേണ്ടതായിരുന്നു എന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചതിനാലാണ് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വേറെയും മുഖ്യമന്ത്രിമാര്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ക്കൊന്നും ഇത്തരം നിബന്ധനകളില്ലെന്നും ഹേമന്ദ് സോറനെ ഉദാഹരിച്ച് കൊണ്ട് സന്ദീപ് ദീക്ഷിത് പറഞ്ഞു.

കെജ്‌രിവാള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിനെ കുറ്റവാളിയായിട്ടാണ് സുപ്രീം കോടതി പോലും കാണുന്നതെന്നും ധാര്‍മികതയും അദ്ദേഹവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.

രാജി പ്രഖ്യാപനം അരവിന്ദ് കെജ്‌രിവാളിന്റെ പി.ആര്‍. സ്റ്റണ്ട് മാത്രമാണെന്ന് ബി.ജെ.പിയും വിമര്‍ശിച്ചു. ദല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായ ഒരു സത്യസന്ധന്റേത് അല്ലെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടെന്നും അതിനാലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചതെന്നും ബി.ജെ.പി ദേശീയ വക്താപ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയെ അഴിമതി നിറഞ്ഞ പാര്‍ട്ടിയായും കെജ്‌രിവാളിനെ അഴിമതിക്കാരനായ നേതാവായിട്ടുമാണ് ജനങ്ങള്‍ കാണുന്നത് എന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

വരാനിരിക്കുന്ന ദല്‍ഹി തെരഞ്ഞെടുപ്പില്‍ എ.എ.പി പരാജയപ്പെടുമെന്ന് അവര്‍ക്ക് ഉറപ്പായിട്ടുണ്ടെന്നും അതിനാല്‍ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പി.ആര്‍. സ്റ്റണ്ട് മാത്രമാണ് ഈ രാജി പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പ്രകാരം അദ്ദേഹത്തിന് രാജി വെക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും മറ്റൊരു ബി.ജെ.പി നേതാവായ മഞ്ജീന്ദര്‍ സിങ് സിര്‍സയും പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ അപ്രതീക്ഷിതമായി കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനമൊഴിയുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ദല്‍ഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനി ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടല്ലാതെ താന്‍ മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

content highlights: Kejriwal’s resignation announcement; Congress and BJP criticized it as drama

We use cookies to give you the best possible experience. Learn more