ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ദല്‍ഹി കോണ്‍ഗ്രസ്. നേരത്തെ കെജ്‌രിവാള്‍ ബി.ജെ.പിയെ സ്തുതിച്ചത് തെറ്റാണെന്ന് മനസിലാക്കണമെന്ന് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി.
ദല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസ് പിന്തുണ ആവശ്യപ്പെടുന്ന സമയത്താണ് ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
‘കെജ്‌രിവാളിനെ കാണണോ വേണ്ടയോ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്ഡ് തീരുമാനിക്കും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചുണ്ടായപ്പോഴും അദ്ദേഹം ബി.ജെ.പിയെ പുകഴ്ത്തുന്നത് തുടര്‍ന്നു. അരവിന്ദ് കെജ്‌രിവാള്‍ അദ്ദേഹം ചെയ്ത തെറ്റ് മനസിലാക്കണം,’ ചൗധരി എ.എന്‍.ഐയോട് പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് മുന്‍ കേന്ദ്ര മന്ത്രി അജയ് മാക്കനും, മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും മുന്‍ എം.പിയുമായിരുന്ന സന്ദീപ് ദീക്ഷിതും കെജ്‌രിവാളിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
‘ഇത് കെജ്‌രിവാളിന്റെ തോറ്റ സര്‍ക്കാരാണ്. അദ്ദേഹം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. രാജ്യത്ത് ആദ്യമായി ജയിലില്‍ പോകുന്ന മുഖ്യമന്ത്രിയായി അദ്ദേഹം മാറും. ഇത്രയും പരുക്കനായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല.
അദ്ദേഹം ഉപയോഗിക്കുന്ന മോശമായ ഭാഷ കൊണ്ട് ആരും കെജ്‌രിവാളിനോട് സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ല. ദല്‍ഹിയിലോ ലെഫ്റ്റനന്റ് ഗവര്‍ണറുടെ കൂടെയോ ഉള്ള ആരോടും നിങ്ങള്‍ക്ക് ഇതിനെപ്പറ്റി അന്വേഷിക്കാം,’ ദീക്ഷിത് പറഞ്ഞു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണക്ക് വേണ്ടി കെജ്‌രിവാള്‍ പ്രതിപക്ഷ പാര്‍ട്ടികളെ കാണുകയാണ്. ഓര്‍ഡിനന്‍സിനെതിരെ പോരാടുന്ന കെജ്‌രിവാളിന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവും നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ആം ആദ്മിക്കൊപ്പമാണെന്നും ഇരുവരും പ്രഖ്യാപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ പിന്തുണയും കെജ്‌രിവാളിനുണ്ട്.
‘ബി.ജെ.പി ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ സുപ്രീം കോടതി വിധികളെ പോലും മാനിക്കുന്നില്ല. അവര്‍ ഭരണഘടനയെ മാറ്റിയേക്കുമെന്നും ഞങ്ങള്‍ ഭയക്കുന്നു. ബി.ജെ.പി ഈ രാജ്യത്തിന്റെ പേര് തന്നെ മാറ്റിയേക്കും. ഈ സര്‍ക്കാര്‍ ജനങ്ങളുടേതല്ല, ഏജന്‍സികളുടെ സ്വന്തം സര്‍ക്കാരായിരിക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടി, ഏജന്‍സികളാല്‍, ഏജന്‍സികളില്‍ നിന്ന് രൂപപ്പെട്ടതാണ്,’ എന്നാണ് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ മമത പറഞ്ഞത്.
ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയും ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചു.
‘രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാന്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. ഞങ്ങളെ പ്രതിപക്ഷ പാര്‍ട്ടികളെന്ന് വിളിക്കരുതെന്നാണ് എന്റെ അഭിപ്രായം. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരെ നില്‍ക്കുന്നവരായ കേന്ദ്ര സര്‍ക്കാരിനെയാണ് പ്രതിപക്ഷം എന്ന് വിളിക്കേണ്ടത്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
കെജ്‌രിവാള്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെയും സന്ദര്‍ശിച്ചു. ഇന്ന് അദ്ദേഹം ബി.ആര്‍.എസ് അധ്യക്ഷന്‍ ചന്ദ്ര ശേഖര റാവുവിനെ കാണുന്നുണ്ട്.
CONTENT HIGHLIGHT: Kejriwal’s praise of BJP should be understood as wrong: Delhi