| Friday, 10th May 2024, 4:47 pm

കെജ്‌രിവാളിന്റെ ജാമ്യം തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായക സ്വാധീനമാകും: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയെ ജയിലിലടച്ചതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ കുഴിച്ചുമൂടാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കെജ്‌രിവാളിന്റെ ജാമ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ ബി.ജെ.പിയുടെ നില പരുങ്ങലിലാകുകയാണെന്നും അത് തിരിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപനാളുകളില്‍ പുറത്തുവരുന്ന വിദ്വേഷ വര്‍ഗീയ പ്രചാരങ്ങളെന്നും പിണറായി വിജയന്‍ പറയുന്നു. ജയില്‍മോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടുതല്‍ ഊര്‍ജസ്വലനായി പ്രവര്‍ത്തിക്കാന്‍ കെജ്‌രിവാളിനാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോട് നേരിട്ട് സംവദിച്ചുകൊണ്ടും ജനങ്ങളെ വിശ്വാസത്തിലെടുത്തും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിക്ക് കഴിയില്ല. പകരം വര്‍ഗീയ, വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ 50 ദിവസം ജയില്‍ വാസമനുഭവിച്ചതിന് ശേഷം വെള്ളിയാഴ്ചയാണ് ദല്‍ഹി മുഖ്യമന്ത്രിക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഉപാധികളോടെ ജൂണ്‍ 1 വരെയാണ് ജാമ്യം. ഇക്കാലയളവില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാമെങ്കിലും മുഖ്യമന്ത്രിയെന്ന ചുമതല നിര്‍വഹിക്കാനാകില്ല. കെജ് രിവാളിന്റെ ജാമ്യം ഇന്ത്യാ മുന്നണിക്ക് വലിയ ഊര്‍ജമാണ് നല്‍കിയിരിക്കുന്നത്. ആം ആദ്മിക്ക് നിര്‍ണായക സ്വാധീനമുള്ള പഞ്ചാബിലെയും ദല്‍ഹിയിലെയും തെരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായ സ്വാധീനമാകുകയും ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുര്‍വ്വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള ബി.ജെ.പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയ സുപ്രിം കോടതി തീരുമാനം.

രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സര്‍ക്കാര്‍ കുഴിച്ചു മൂടാന്‍ നോക്കിയത്.

ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തെരഞ്ഞെടുപ്പിനെ നേരിടാന്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് ഭയമാണ്. പകരം വര്‍ഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേല്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ നില പരുങ്ങലിലാവുകയാണ്. അത് തിരിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപ നാളുകളില്‍ പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നീക്കങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇ ഡി യെപോലുള്ള ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിര്‍പ്പ് കൂടിയാണ് വിധിയില്‍ തെളിയുന്നത്.

ശ്രീ അരവിന്ദ് കെജ്രിവാളിന് ജയില്‍മോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നേറാന്‍ സാധിക്കട്ടെ.

content highlights: Kejriwal’s bail will have a decisive impact on election results: Pinarayi Vijayan

We use cookies to give you the best possible experience. Learn more