ന്യൂദല്‍ഹി: മദ്യ നയക്കേസില്‍ അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി.
നയരൂപീകരണത്തില്‍ കെജ്‌രിവാള്‍ ഇടപ്പെട്ടതിന് തെളിവുകളുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി വിധി.
കെജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമെന്ന് കോടതി നിരീക്ഷിച്ചു. ഗോവ തെരഞ്ഞെടുപ്പിന് കെജ്‌രിവാള്‍ പണം നല്‍കിയതിനുള്ള തെളിവുകളും അതുമായി ബന്ധപ്പെട്ട ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മൊഴികളും ഇ.ഡിക്ക് നല്‍കാന്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (സെക്ഷന്‍ 70, പി.എം.എല്‍.എ) ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി എന്നതുകൊണ്ട് ഒരാള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രസ്തുത ഹരജി ഹൈക്കോടതിയില്‍ പരിഗണിക്കേണ്ടതല്ലെന്നും കേസ് സുപ്രീം കോടതി നിരീക്ഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
അറസ്റ്റില്‍ പങ്കജ് ബന്‍സാല്‍ കേസില്‍ ചൂണ്ടിക്കാട്ടിയിരുന്ന എല്ലാ നിയമ നിര്‍ദേശങ്ങളും ഇ.ഡി പാലിച്ചെന്നും കോടതി പറഞ്ഞു. കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവും ഹൈക്കോടതി ശരിവെച്ചു.
കെജ്‌രിവാളിന്റേത് ജാമ്യാപേക്ഷയല്ലെന്നും അറസ്റ്റ് നിയമപരമാണോ എന്നറിയാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും ചൂണ്ടിക്കാണ്ടി കോടതി ഹരജി തള്ളുകയായിരുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് കെജ്‌രിവാളിന് വേണ്ടി കേസില്‍ ഹാജരായത്. ഇ.ഡിക്ക് വേണ്ടി ഹാജരായത് എ.എസ്.ജി എസ്.വി. രാജുവാണ്.
Content Highlight: Kejriwal’s backlash in liquor policy case