ന്യൂദല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഭയപ്പാടിന്റെ കാലത്ത് മാലിക് വലിയ ധൈര്യം കാണിച്ചുവെന്നും ഈ രാജ്യം മുഴുവന്‍ മാലിക്കിനൊപ്പമാണെന്നുമാണ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ദല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം.
‘ഈ രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഭയപ്പാടിന്റെ ഈ കാലത്ത് നിങ്ങള്‍ വലിയ ധൈര്യം കാണിച്ചു. അയാള്‍ ഒരു ഭീരുവാണ്, അയാള്‍ സി.ബി.ഐക്ക് പിന്നില്‍ ഒളിച്ചിരിക്കുകയാണ്. ഈ മഹാരാജ്യത്ത് വലിയ പ്രതിസന്ധികളുണ്ടാകുമ്പോള്‍ നിങ്ങളെപ്പോലെയുള്ളവര്‍ ധൈര്യപൂര്‍വം അതിനെ അഭിമുഖീകരിക്കുന്നു,’ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
‘അയാള്‍ വിദ്യാഭ്യാസം ഇല്ലാത്തയാളാണ്, അഴിമതിക്കാരനാണ്, ചതിയനാണ്. അയാള്‍ക്ക് നിങ്ങളെ എതിര്‍ത്ത് നില്‍ക്കാനാവില്ല. നിങ്ങള്‍ മുന്നോട്ട് പോകൂ സാര്‍, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു,’ പേരെടുത്തു പറയാതെ കെജ്‌രിവാള്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമാണ് റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാലിന് ഹാജരാകാന്‍ സി.ബി.ഐ സത്യപാല്‍ മാലിക്കിനോട് ആവശ്യപ്പെട്ടത്. പുല്‍വാമ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചു എന്ന വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയായിരുന്നു മാലിക്കിന് സി.ബി.ഐ നോട്ടീസയച്ചത്. ഈ മാസം 28ന് ദല്‍ഹിയിലെ സി.ബി.ഐ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം താന്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സി.ബി.ഐ വിളിപ്പിച്ചതെന്നാണ് സത്യപാല്‍ മാലിക് പ്രതികരിച്ചത്.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സത്യപാലിനെ വേട്ടയാടാനായി മോദി സര്‍ക്കാര്‍ സി.ബി.ഐയെ രംഗത്തിറക്കിയിരിക്കുകയാണെന്ന് ആരോപിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ രംഗത്തെത്തിയിരുന്നു.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരമ പ്രാധാന്യമുള്ള വിഷയത്തില്‍ സത്യപാല്‍ മാലിക് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം മോദി സര്‍ക്കാര്‍ സി.ബി.ഐയെ രംഗത്തിറക്കിയിരിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന് നേരെയുള്ള കടന്ന് കയറ്റവും രാജ്യത്തിനാകെ അപമാനവുമാണെന്നുമാണ് സീതാറാം യെച്ചൂരി പറഞ്ഞത്.
ദി വയറിന് നല്‍കിയ അഭിമുഖത്തിനിടെയാണ് 2019ലെ പുല്‍വാമ ഭീകരാക്രമണക്കേസില്‍ മോദി സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സത്യപാല്‍ മാലിക് രംഗത്തെത്തിയത്. അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ പുല്‍വാമയിലെ 40 ജവാന്‍മാരുടെ മരണത്തില്‍ പ്രാഥമിക ഉത്തരവാദിത്തം നരേന്ദ്ര മോദി സര്‍ക്കാരിനാണെന്ന് ആരോപിച്ച് മുന്‍ കരസേനാ മേധാവിയും രംഗത്തെത്തിയിരുന്നു.
ദുരന്തത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിഷയം ചര്‍ച്ചയായതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. ഇതിന് പിന്നാലെയാണ് സത്യപാല്‍ മാലിക്കിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Kejriwal responds in CBI action against Satyapal Malik