ദല്‍ഹിയില്‍ മോദിക്കും മുകളില്‍ കെജ്‌രിവാള്‍; വീണ്ടും ആംആദ്മി സര്‍ക്കാരോ? ബി.ജെ.പിയെ ആശങ്കയിലാഴ്ത്തി സര്‍വേ ഫലം പുറത്ത്
national news
ദല്‍ഹിയില്‍ മോദിക്കും മുകളില്‍ കെജ്‌രിവാള്‍; വീണ്ടും ആംആദ്മി സര്‍ക്കാരോ? ബി.ജെ.പിയെ ആശങ്കയിലാഴ്ത്തി സര്‍വേ ഫലം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 11:41 am

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ ഭരണത്തില്‍ തുടരുന്നതിനെ അനുകൂലിച്ച് വോട്ടര്‍മാര്‍. വിദ്യാഭ്യാസവും ആരോഗ്യവും ഗതാഗതവും അടക്കം പ്രധാന മേഖലകളിലെല്ലാം അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ കാഴ്ചവെച്ചതു മികച്ച പ്രകടനമാണെന്നും ദല്‍ഹി വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തി.

സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്‌നീതി പദ്ധതി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2,298 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.

53 ശതമാനം പേരും സര്‍ക്കാരില്‍ പൂര്‍ണ സംതൃപ്തരാണെന്ന് സര്‍വേയില്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഭാഗികമായ തൃപ്തി രേഖപ്പെടുത്തിയത് 33 ശതമാനം പേരാണ്. പൂര്‍ണ അസംതൃപ്തി പ്രകടിപ്പിച്ചത് ആറു ശതമാനം പേര്‍ മാത്രമാണ്. ഭാഗികമായ അസംതൃപ്തി പ്രകടിപ്പിച്ചത് ആറു ശതമാനവും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.എല്‍.എമാരുടെ പ്രവര്‍ത്തനത്തിലും സംതൃപ്തിയാണു ഭൂരിപക്ഷവും പ്രകടിപ്പിച്ചത്. വാഗ്ദാനങ്ങള്‍ നടപ്പാക്കല്‍, പദ്ധതികള്‍, പ്രവൃത്തി എന്നിവയില്‍ എം.എല്‍.എമാര്‍ മികച്ച പ്രകടനം നടത്തുന്നതായി അവര്‍ പറയുന്നു.

മാത്രമല്ല, കെജ്‌രിവാളിന്റെ സ്വീകാര്യതയും പാര്‍ട്ടിക്കു മെച്ചമുണ്ടാക്കുന്നുണ്ടെന്ന് അതില്‍ പറയുന്നു. മൂന്നില്‍ രണ്ട് പേരും കെജ്‌രിവാളിന്റേതു മികച്ച പ്രകടനമെന്നു പറയുമ്പോള്‍, നാലു ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തില്‍ അസംതൃപ്തി പ്രകടിപ്പിക്കുന്നത്.

ആകെ 66 ശതമാനം പേരാണ് അദ്ദേഹത്തെ അനുകൂലിച്ചത്. ഭാഗികമായി അനുകൂലിച്ചത് 24 ശതമാനമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ കെജ്‌രിവാളാണോ ദല്‍ഹി വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യന്‍ എന്നതിലും സര്‍വേ നടത്തി. അതിലും മുന്നില്‍ കെജ്‌രിവാള്‍ തന്നെയാണ്. 42 ശതമാനം പേരാണ് മോദിക്കും മുകളില്‍ കെജ്‌രിവാളിനെ ഇഷ്ടപ്പെടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ദല്‍ഹി മുഖ്യമന്ത്രിക്കും മുകളില്‍ മോദിയെ ഇഷ്ടപ്പെടുന്നത് 32 ശതമാനം മാത്രമാണ്. ഇരുവരെയും താത്പര്യമില്ലെന്നു പറഞ്ഞതു മൂന്നു ശതമാനം പേരാണ്.

ഇതില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ വോട്ടര്‍മാര്‍ക്കും കൂടുതല്‍ താത്പര്യം കെജ്‌രിവാളിനെയാണ്. അവരില്‍ 65 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോള്‍ 11 ശതമാനം മോദിക്ക് അനുകൂലമാണ്. രണ്ടുപേരെയും ഇഷ്ടമില്ലാത്തവരും 11 ശതമാനമാണ്.

ബി.ജെ.പിയുടെ ലോക്‌സഭാ വോട്ടര്‍മാരാകട്ടെ, 56 ശതമാനവും മോദിയെയാണ് ഇഷ്ടപ്പെടുന്നതെങ്കിലും 22 ശതമാനം കെജ്‌രിവാളിനൊപ്പമാണ്.