| Thursday, 21st December 2023, 9:32 am

ധ്യാനമുണ്ട്, ഇന്ന് വരാന്‍ പറ്റില്ല; ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന ഇ.ഡി നോട്ടീസ് തള്ളി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി. നല്‍കിയ നോട്ടീസ് രണ്ടാം തവണയും അവഗണിച്ച് ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായി അരവിന്ദ് കെജ്‌രിവാള്‍. മദ്യനയ അഴിമതിക്കേസിലെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി ഇന്ന് ഹാജരാകണമെന്നായിരുന്നു കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ നോട്ടീസ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു ധ്യാനത്തില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ ഇന്ന് വരാന്‍ കഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളത് പ്രകാരം 10 ദിവസത്തെ വിചാസന ധ്യാനത്തിന് അദ്ദേഹം ഇന്നലെ തന്നെ പുറപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. ഡിസംബര്‍ 30ന് പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലാണ് ധ്യാനം നടക്കുന്നത്. ഈ ദിവസങ്ങളിള്‍ അദ്ദേഹം രാഷ്ട്രീയ ജിവിതത്തില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേ സമയം അരവിന്ദ് കെജ്‌രിവാളിന്റെ വിപാസന ധ്യാനം നേരത്തെ നിശ്ചയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം എല്ലാ വര്‍ഷവും അതില്‍ പങ്കെടുക്കാറുള്ളതാണെന്നും അതിന്റെ വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമാണെന്നും എ.എ.പി എം.പി. രാഘവ് ഛദ്ദ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് അരവിന്ദ് കെജ്‌രിവാള്‍ ഇ.ഡിയുടെ നോട്ടീസ് അവഗണിക്കുന്നത്. നേരത്തെ നവംബര്‍ രണ്ടിന് ഹാജരാകണമെന്ന നിര്‍ദേശവും അരവിന്ദ് കെജ്‌രിവാള്‍ തള്ളിയിരുന്നു. അന്ന് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞായിരുന്നു കെജ്‌രിവാള്‍ ഇ.ഡിയുടെ നോട്ടീസ് തള്ളിയത്.

ദല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എ.എ.പിയുടെ രാജ്യസഭ എം.പി സഞ്ജയ് സിങ്ങും നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

content highlights: Kejriwal rejected the ED notice to appear for questioning

We use cookies to give you the best possible experience. Learn more