ന്യൂദല്‍ഹി: ദല്‍ഹി മെട്രോലൈന്‍ ഉദ്ഘാടനത്തില്‍ നിന്ന് മുഖ്യമന്തി അരവിന്ദ് കെജ്‌രിവാളിനെ ഒഴിവാക്കിയ നടപടി വിവാദമാകുന്നു. ഡിസംബര്‍ 25 ന് ഉദ്ഘാടനം ചെയ്യുന്ന നോയിഡ മുതല്‍ കല്‍കജി വരെയുള്ള മെട്രോപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വ്വഹിക്കുന്നത്. അദ്ദേഹത്തോടൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഉദ്ഘാടന പരിപാടിയിലെ വിഐപി ലിസ്റ്റുകളില്‍ കെജ്രിവാളിന്റെ പേരുള്‍പ്പെടുത്താത്തതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. മെട്രോയുടെ പുതിയ പാതയ്ക്കായുള്ള ഫണ്ടിനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാര്യമായി സംഭാവന ചെയ്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിയെ ക്ഷണിക്കാത്തതിന് ഇതുവരേ ഡിഎംആര്‍സിയുടെ ഭാഗത്ത് നിന്നും വിശദീകരണം ഉണ്ടായിട്ടില്ല.
എന്നാല്‍ ഇത് ആദ്യമായല്ല കെജ്രിവാളിനെ മെട്രോ പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നത്. 2015 ല്‍ നടന്ന ഫരീദാബാദ്-ബാദര്‍പൂര്‍ മെട്രോലൈന്‍ ഉദ്ഘാടനത്തിലും കെജ്‌രിവാളിന് ക്ഷണം ഉണ്ടായിരുന്നില്ല. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് അന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.