മദ്യനയ അഴിമതിക്കേസ്; ജാമ്യം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ കെജ്‌രിവാൾ സുപ്രീം കോടതിയിലേക്ക്
ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയിലേക്ക്. താത്കാലികമായി ജാമ്യം തടഞ്ഞ ദല്‍ഹി ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് ഹരജി. നാളെത്തന്നെ ഹരജിയില്‍ വാദം കേള്‍ക്കണമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമര്‍പ്പിക്കുക.
നേരത്തെ ദല്‍ഹി വിചാരണ കോടതിയില്‍ നിന്ന് മദ്യനയ കേസില്‍ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹരജിയില്‍ ഉത്തരവ് വരുന്നത് വരെ ഹൈക്കോടതി ജാമ്യം തടയുകയായിരുന്നു. ഇതിനെതിരെയാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.
മൂന്ന് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്നും അതുവരെ വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് നടപ്പാക്കരുതെന്നുമാണ് ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നത്. വെള്ളിയാഴ്ചയാണ് ഹൈക്കോടതി കെജ്‌രിവാളിന്റെ ജാമ്യം തടഞ്ഞത്.
കെജ്‌രിവാളിനോട് ഇ.ഡി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് വ്യാഴാഴ്ച ജാമ്യം അനുവദിച്ചുകൊണ്ട് വിചാരണ കോടതി പറഞ്ഞത്. കുറ്റകൃത്യവുമായി കെജ്‌രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇ.ഡിക്ക് സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകളല്ല ഇ.ഡി ഹാജരാക്കിയതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ജാമ്യ ഹരജിയെ എതിര്‍ത്തുള്ള വാദത്തിന് ഇ.ഡിക്ക് വിചാരണ കോടതി വേണ്ടത്ര സമയം നല്‍കിയില്ലെന്ന ആരോപണമാണ് അന്വേഷണ ഏജന്‍സി ഹൈക്കോടതിയില്‍ ഉന്നയിച്ചത്. കെജ്‌രിവാള്‍ കുറ്റക്കാരനെന്ന് തെളിയിക്കുന്നതിന് ആവശ്യമായ 12 മൊഴികള്‍ ഉണ്ടെന്നും ഇ.ഡി വാദിച്ചിരുന്നു. രഹസ്യ മൊഴികളും വാട്സാപ്പ് ചാറ്റുകളും കണക്കിലെടുക്കാതെയാണ് ജാമ്യം നല്‍കിയതെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞിരുന്നു.
Content Highlight: Kejriwal moves Supreme Court against High Court’s decision to block bail