ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ ഏത് പ്രവര്‍ത്തനത്തിനും തന്റെ പിന്തുണയുണ്ടാകുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. രാഷ്ട്രീയ രഹിത അഴിമതി വിരുദ്ധ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ദല്‍ഹിയിലെത്തിയ അണ്ണാ ഹസാരെയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കെജ്‌രിവാള്‍. വേര്‍പിരിഞ്ഞതിന് ശേഷം ഇതാദ്യമായാണ് ഹസാരെ-കെജ്‌രിവാള്‍ കൂടിക്കാഴ്ച്ച നടക്കുന്നത്.[]
അണ്ണാ ഹസാരെയുടെയും തന്റെയും ലക്ഷ്യം ഒന്ന് തന്നെയാണെന്നും അതിനാല്‍ തന്നെ അണ്ണാ ഹസാരെക്ക് തന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. “ഞങ്ങള്‍ ഇനിയും കൂടിക്കാഴ്ച്ച നടത്തും, ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവും നിലനില്‍ക്കുന്നില്ല” കെജ്‌രിവാള്‍ പറഞ്ഞു.
അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് അണ്ണാ ഹസാരെ-കെജ്‌രിവാള്‍ കൂട്ട്‌കെട്ട് വേര്‍പെടുത്തിയത്. രാഷ്ട്രീയ പാര്‍ട്ടി അനിവാര്യമാണെന്ന് കെജ്‌രിവാള്‍ പറയുമ്പോള്‍ രാഷ്ട്രീയം മലീമസമാണെന്ന അഭിപ്രായമാണ് ഹസാരെക്കുള്ളത്.
രാഷ്ട്രീയത്തിലേക്കായിരുന്നെങ്കില്‍ തനിക്കത് നേരത്തേ ആവാമായിരുന്നെന്നും ഹസാരെ പറയുന്നു. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പോലും നില്‍ക്കാത്ത താന്‍ എങ്ങനെ ഒരു രാഷ്ട്രീയ ബദലിനെ കുറിച്ച് ചിന്തിക്കുമെന്നാണ് ഹസാരെ ചോദിക്കുന്നത്.
രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി കെജ്‌രിവാള്‍ ഹസാരെ സംഘത്തെ ഉപയോഗിക്കുകയായിരുന്നോ എന്ന ചോദ്യത്തോട് ഇവിടെ ചതിയുടെ കാര്യം ഉയരുന്നില്ലെന്നായിരുന്നു ഹസാരെയുടെ മറുപടി. രാഷ്ട്രീയം ശരിയായ ദിശയിലല്ലെന്നും കഴിഞ്ഞ ദിവസം ഹസാരെ പറഞ്ഞിരുന്നു.
ഒരു രാഷ്ട്രീയ ബദലിനെ കുറിച്ച് നേരത്തേ സംസാരിച്ച അണ്ണാഹസാരെയില്‍ നിന്നും കടക വിരുദ്ധമായ പ്രസ്താവനയാണ് ഇപ്പോള്‍ ഹസാരെ പറയുന്നത്. പാര്‍ലമെന്റിലേക്ക് കളങ്കരഹിതരായ ആളുകളെ കൊണ്ടുവരണമെന്നും ഹസാരെ നേരത്തേ പറഞ്ഞിരുന്നു.