ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ തേടുകയാണ് കെജ്‌രിവാള്‍.
കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പിന്തുണ നല്‍കുമെന്ന് യാദവ് കെജ്‌രിവാളിന് ഉറപ്പ് നല്‍കി. ദല്‍ഹി മന്ത്രി അതിശിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കൂടിക്കാഴ്ചയില്‍ കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.
ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പ് വരുത്തുകയാണ് കെജ്‌രിവാള്‍.
നേരത്തെ, ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ നിതീഷ് കുമാര്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ശിവസേന മേധാവി ഉദ്ധവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരുമായും കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ദല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ ദല്‍ഹിയിലെ ഭരണമേറ്റെടുക്കാന്‍ കേന്ദ്രത്തിന് ആകില്ലെന്ന് മെയ് 11ന് സുപ്രീംകോടതി വിധിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഭരിക്കാനുള്ള അവകാശമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍ ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്.
‘ദല്‍ഹി സര്‍ക്കാരിന് ഭരണപരമായ അവകാശങ്ങള്‍ ഉണ്ടാകും. പൊലീസ് ലാന്‍ഡ്, പബ്ലിക്ക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള എല്ലാ സേവനങ്ങളിലും സര്‍ക്കാരിന് പൂര്‍ണമായ അവകാശമുണ്ടാകും. ഉദ്യോഗസ്ഥരെ നിയമിക്കുവാനും അവരുടെ സ്ഥലമാറ്റം തീരുമാനിക്കുവാനുമുള്ള അവകാശം സര്‍ക്കാരിനാണ് ഉള്ളത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഇതിന് അവകാശം,’ കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.