| Tuesday, 4th February 2020, 11:21 am

ദല്‍ഹിയില്‍ ആംആദ്മി- കോണ്‍ഗ്രസ് സഖ്യസാധ്യത പൊളിയുന്നോ?; കെജ്‌രിവാളിനെതിരെ പരസ്യപ്രസ്താവനയുമായി അമരീന്ദര്‍സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍സിംഗ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളത്തരത്തിലും വഞ്ചനയിലും അഗ്രഗണ്യനായ കാപട്യക്കാരനാണ് കെജ്‌രിവാളെന്നായിരുന്നു അമരീന്ദര്‍സിംഗിന്റെ പരാമര്‍ശം.

ബി.ജെ.പിയാണെങ്കില്‍ മുഴുവന്‍ രാജ്യത്തേയും ഷാഹിന്‍ബാഗാക്കാനുള്ള ശ്രമത്തിലാണെന്നും അമരീന്ദര്‍സിംഗ് ആരോപിച്ചു.

തുച്ഛമായ നിരക്കില്‍ വൈദ്യൂതി നല്‍കുകയും ദല്‍ഹിയില്‍ മൊഹല്ല ക്ലിനിക്കുകള്‍ ആരംഭിച്ചതുമല്ലാതെ കെജ്‌രിവാള്‍ പുതുതായി ഒന്നും ചെയ്തിട്ടില്ലെന്നും ഇതൊക്കെ തന്നെയും മുമ്പ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ അവിടെ ചെയ്തുവന്ന കാര്യങ്ങളൊക്കെ തന്നെയാണെന്നും അമരീന്ദര്‍സിംഗ് കുറ്റപ്പെടുത്തി.

‘ചിലര്‍ ഇതില്‍ സന്തുഷ്ടരായിരിക്കും. എന്നാല്‍ ദല്‍ഹിയുടെ വികസനത്തിനായി അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ മക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി അദ്ദേഹം എന്താണ് ചെയതിട്ടുള്ളത്.’ അമരീന്ദര്‍സിംഗ് ചോദിച്ചു.

ഹരിനഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു അമരീന്ദര്‍സിംദ്. പഞ്ചാബില്‍ 11 ലക്ഷം പേര്‍ക്കാണ് കോണ്‍ഗ്രസ് തൊഴില്‍ നല്‍കിയതെന്നും ദല്‍ഹി വ്യാവസായിക രംഗത്ത് ഇനിയും നേട്ടങ്ങള്‍ കൈവരിക്കേണ്ടതുണ്ടെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

നേരത്തെ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടി വന്നാല്‍ ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തിലെത്തുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെജ്‌രിവാളിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവിന്റെ പരസ്യപരാമര്‍ശം ഇരുപാര്‍ട്ടികള്‍ക്കിടയിലുമുള്ള അമര്‍ഷം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

‘സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റക്ക് അധികാരത്തില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മറിച്ചാണ് ഫലമെങ്കില്‍ ആംആദ്മിയുമായുള്ള സഖ്യം പരിഗണിക്കും. ബി.ജെ.പിയെ ഏത് വിധേനയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യം എന്നായിരുന്നു’ദല്‍ഹി സംസ്ഥാനത്തിന്റെ ചുമതല നിര്‍വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പറഞ്ഞത്.

ആംആദ്മിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ കടുത്തപോരാട്ടം നടക്കുന്ന ദല്‍ഹിയില്‍ സര്‍വ്വേഫലങ്ങളെല്ലാം തന്നെ ആംആദ്മിക്ക് അനുകൂലമാണ്.

70 സീറ്റില്‍ ആംആദ്മി 54 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് പ്രചരണങ്ങള്‍ക്കനുസരിച്ചുള്ള ഫലം ലഭിക്കില്ലെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

ടൈംസ് നൗ-ഐ.പി.എസ്.ഒ.എസ് സര്‍വ്വെയിലാണ് ഈ പ്രവചനം. ഇത് പ്രകാരം ബി.ജെ.പി 10 മുതല്‍ 14 സീറ്റുകള്‍ വരെ മാത്രമേ നേടാന്‍ സാധ്യതയുള്ളു.

പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ 2015 ആവര്‍ത്തിച്ച് ആംആദ്മി അധികാരത്തിലെത്തും. 2015ല്‍ 67 സീറ്റുകളിലായിരുന്നു പാര്‍ട്ടിയുടെ ജയം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more