ന്യൂദല്‍ഹി: രാഷ്ട്രപതിയെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പരിപാടിയുടെ ലിസ്റ്റുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കല്ലിടലിനും പാര്‍ലമെന്റ് മന്ദിരത്തിന്റെ കല്ലിടലിനും അന്നത്തെ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ഇപ്പോള്‍ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ക്ഷണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇപ്പോള്‍ നിലവിലെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനും ക്ഷണിക്കുന്നില്ല. രാജ്യത്തെ എസ്.സി, എസ്.ടി സമൂഹം ചോദിക്കുന്നത് മുര്‍മുവിന് ക്ഷണം ലഭിക്കാത്തത് അശുഭകരമായി കാണുന്നത് കൊണ്ടാണോ എന്നാണ്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ആം ആദ്മി ഉള്‍പ്പെടെയുള്ള 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യു.ബി.ടി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈകള്‍ കച്ചി, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം(എം.ഡി.എം.കെ), രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് പ്രസ്താവനയിറക്കിയിരുന്നത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പങ്കെടുപ്പിക്കാതെയുള്ള ഉദ്ഘാടന ചടങ്ങ് ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള അതിക്രമമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
‘രാഷ്ട്രപതി രാഷ്ട്രത്തലവന്‍ മാത്രമല്ല, പാര്‍ലമെന്റിന്റെ അവിഭാജ്യ ഘടകമാണ്. പ്രധാനമന്ത്രിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ ഇതാദ്യമായല്ല. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത് കൊണ്ട് പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ ആത്മാവ് പാര്‍ലമെന്റിന് പുറത്തായത് കൊണ്ട് തന്നെ ഞങ്ങള്‍ പുതിയ മന്ദിരത്തിന് മൂല്യമുണ്ടെന്ന് കണക്കാക്കുന്നില്ല,’ എന്നായിരുന്നു പ്രസ്താവനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയത്.
അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പരിപാടിയില്‍ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ആര്‍ട്ടിക്കിള്‍ 79ന്റെ ലംഘനമാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
CONTENTHIGHLIGHT: Kejriwal listing three event claiming president ignored by centre government