ന്യൂദല്‍ഹി: രാംലീല മൈതാനത്ത് ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ദല്‍ഹിയിലെ ജനങ്ങളെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാള്‍.
ദല്‍ഹിയുടെ മകനെന്ന് സ്വയം പ്രഖ്യാപിച്ചാണ് കെജ് രിവാള്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ചത്.
‘ദല്‍ഹിക്കാരെ, നിങ്ങളുടെ മകനിന്ന് ദല്‍ഹിയുടെ മുഖ്യമന്ത്രിയായി മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. നിങ്ങള്‍ പങ്കെടുത്ത് നിങ്ങളുടെ മകനെ അനുഗ്രഹിക്കണം,’ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തുടര്‍ച്ചയായി മൂന്നാം തവണയാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ദല്‍ഹിയുടെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.
അരവിന്ദ് കെജ്‌രിവാളിനൊപ്പം ആറ് മന്ത്രി മാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പുകള്‍ വ്യക്തമല്ലെങ്കിലും മനീഷ് സിസോദിയ, സത്യേന്ദ്യര്‍ ജയിന്‍, ഗോപാല്‍ റായ്, ഇമ്രാന് ഹുസൈന്‍, രാജേന്ദ്ര പാല്‍ ഗൗതം, കൈലാഷ് ഗെഹ്ലോട്ട് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
കഴിഞ്ഞദിവസം അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെയും ഓട്ടോറിക്ഷാ ഡ്രൈവര്‍, ടെന്നിസ് കളിക്കാരന്‍, ടീച്ചര്‍ തുടങ്ങി 50തോളം പേരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നു.
ദല്‍ഹിയുടെ വികസനത്തിനായി പരിശ്രമിച്ച ആളുകളെയാണ് ആം ആദ്മി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകളാണ് ആംആദ്മി പാര്‍ട്ടി നേടിയത്. എട്ടു സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.