ന്യൂദല്‍ഹി: മദ്യനയക്കേസിലെ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റും കസ്റ്റഡിയിൽ വിട്ട വിധിയും നിയമവിരുദ്ധമാണെന്ന് കെജ്‌രിവാള്‍ ഹരജിയില്‍ ആരോപിച്ചു.
ദല്‍ഹി റൗസ് അവന്യു കോടതി ഉത്തരവ് തെറ്റാണെന്നും ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. മദ്യനയക്കേസില്‍ വ്യാഴാഴ്ച രാത്രിയാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് വെള്ളിയാഴ്ചയാണ് റൗസ് അവന്യൂ കോടതി അദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ഇ.ഡി സമര്‍പ്പിച്ചത്. എന്നാല്‍ ആറ് ദിവസത്തേക്കാണ് കോടതി കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് മണിക്കൂറിലേറെ നീണ്ട വാദത്തിനൊടുവിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടത്.
അതിനിടെ, അറസ്റ്റ് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി കഴിഞ്ഞദിവസം കെജ്‌രിവാള്‍ പിന്‍വലിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ് നേതാവ് കവിതയുടെ ഹരജി വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് ഹരജി പിന്‍വലിക്കാന്‍ എ.എ.പി തീരുമാനിച്ചത്. വിചാരണ കോടതിയുടെ തീരുമാനം എന്താണെന്ന് അറിഞ്ഞ ശേഷം നടപടി എടുക്കാനായിരുന്നു എ.എ.പി തീരുമാനിച്ചത്. തുടര്‍ന്ന് കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിട്ട് വിചാരണ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഹരജിയുമായി ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതിനിടെ, കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ആരോപണമവുമായി എ.എ.പി രംഗത്തെത്തിയിരുന്നു. മദ്യനയത്തിലെ അഴിമതി പണം മുഴുവന്‍ ലഭിച്ചത് ബി.ജെ.പിക്കാണെന്ന് അവര്‍ ആരോപിച്ചു. കേസിലെ മാപ്പ് സാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ഇലക്ട്രല്‍ ബോണ്ടി വഴി 34 കോടി രൂപ ബി.ജെ.പിക്ക് നല്‍കിയെന്നും എ.എ.പി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിക്ക് പണം ലഭിച്ചതിന്റെ രേഖകളും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിട്ടിരുന്നു.
Content Highlight: kejriwal has filed a petition in the delhi high court challenging ed custody