കെജ്‌രിവാൾ സുപ്രീം കോടതിയില്‍; ഇ.ഡി അറസ്റ്റ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചു
national news
കെജ്‌രിവാൾ സുപ്രീം കോടതിയില്‍; ഇ.ഡി അറസ്റ്റ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2024, 9:38 am

ന്യൂദല്‍ഹി: മദ്യ നയക്കേസിലെ അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്ന് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയില്‍. ഉത്തരവിനെതിരെ കെജ്‌രിവാൾ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ ഋഷികേശ് കുമാര്‍ പറഞ്ഞിരുന്നു.

നയരൂപീകരണത്തില്‍ കെജ്‌രിവാള്‍ ഇടപ്പെട്ടതിന് തെളിവുകളുണ്ടെന്നായിരുന്നു ദല്‍ഹി ഹൈക്കോടതിയുടെ കണ്ടെത്തല്‍. കെജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും കോടതി നിരീക്ഷിച്ചു.

ഗോവ തെരഞ്ഞെടുപ്പിന് കെജ്‌രിവാള്‍ പണം നല്‍കിയതിനുള്ള തെളിവുകളും അതുമായി ബന്ധപ്പെട്ട ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മൊഴികളും ഇ.ഡിക്ക് നല്‍കാന്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (സെക്ഷന്‍ 70, പി.എം.എല്‍.എ) ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി എന്നതുകൊണ്ട് ഒരാള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രസ്തുത ഹരജി ഹൈക്കോടതിയില്‍ പരിഗണിക്കേണ്ടതല്ലെന്നും കേസ് സുപ്രീം കോടതി നിരീക്ഷിക്കേണ്ടതുണ്ടെന്നും ചൊവ്വാഴ്ച കോടതി പറഞ്ഞു.

ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ മുതിര്‍ന്ന നേതാവാണ് കെജ്‌രിവാള്‍. ദല്‍ഹി മുഖ്യമന്ത്രിക്ക് പുറമെ ആംആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സഞ്ജയ് സിങ്ങിന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും അദ്ദേഹം ജയില്‍ മോചിതനാവുകയും ചെയ്തിരുന്നു.

Content Highlight: Kejriwal has appealed to the SC against the High Court verdict upholding the legality of the ED arrest in the liquor policy case