| Saturday, 21st March 2020, 6:24 pm

കൊവിഡ് പ്രതിസന്ധി: 72 ലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് ദല്‍ഹി സര്‍ക്കാര്‍; ക്ഷേമ പെന്‍ഷനുകള്‍ ഇരട്ടിയാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ സഹായവുമായി ദല്‍ഹി സര്‍ക്കാര്‍. 72 ലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചു. അതോടൊപ്പം വിധവ പെന്‍ഷന്‍, ഭിന്ന ശേഷിക്കാരുടെ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍ തുടങ്ങിയവരുടെ അടുത്ത മാസത്തെ പെന്‍ഷന്‍ ഇരട്ടിയാക്കാനും ഉത്തരിവിട്ടു.

‘ദല്‍ഹിയിലെ 72 ലക്ഷം വരുന്ന ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കും. ഓരോ വ്യക്തിക്കുമുള്ള റേഷന്‍ 50 ശതമാനം വര്‍ധിപ്പിച്ചിട്ടുമുണ്ട്,’ കെജ്‌രിവാള്‍ പറഞ്ഞു.

5 കിലോയ്ക്ക് പകരം ഒരാള്‍ക്ക് 7.5 കിലോ റേഷനായിരിക്കും ലഭിക്കുകയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.

‘ദിവസക്കൂലിക്കാരുടെ കാര്യത്തിലും തൊഴിലാളികളുടെ കാര്യത്തിലും സര്‍ക്കാര്‍ അതീവ ശ്രദ്ധാലുക്കളാണ്. ആരും തന്നെ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പട്ടിണി കിടക്കാന്‍ പാടില്ല,’ കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹിയില്‍ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ദല്‍ഹി അടച്ചിട്ടേക്കുമെന്ന സൂചനയും കെജ്‌രിവാള്‍ പറഞ്ഞു. ആളുകളോട് രാവിലെയുള്ള വ്യായാമ നടത്തങ്ങള്‍ ഒഴിവാക്കണമെന്നും കെജ്‌രിവാള്‍ നിര്‍ദേശിച്ചു.

‘നിങ്ങളുടെ രാവിലെ നടത്തം ഒഴിവാക്കാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്. എന്നിട്ട് കുറച്ചു സമയം വീട്ടില്‍ സുരക്ഷിതരായി ഇരിക്കൂ. നിലവില്‍ നമ്മള്‍ ഒന്നും അടച്ചു പൂട്ടിയിട്ടില്ല. നിങ്ങളുടെ നല്ലതിനും സുരക്ഷയ്ക്കും അത് ആവശ്യമായി വന്നാല്‍ സംസ്ഥാനം പൂര്‍ണമായും അടയ്ക്കും,’ കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം മാര്‍ച്ച് 13ന് ദല്‍ഹിയില്‍ നിന്ന് ആന്ധ്രാ പ്രദേശിലേക്ക് സമ്പര്‍ക് ക്രാന്തി ട്രെയിനില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ 50 ശതമാനം ബസ് സര്‍വീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്. ദല്‍ഹിയില്‍ അഞ്ചു പേരില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടുന്നതും വിലക്കിയിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 98 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ മാത്രം 25 പോസിറ്റീവ് കേസുകളുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 298 ആയി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

We use cookies to give you the best possible experience. Learn more